ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമം; ആക്രമണ കാരണം വ്യക്തമല്ലെന്ന് FBI
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെ വെടിയുതിർത്ത അക്രമിയുടെ ഉദേശ്യം കണ്ടെത്താൻ ശ്രമം തുടരുന്നുവെന്ന് എഫ്ബിഐ. അക്രമിയുടെ കാറിൽ നിന്ന് സംശയകരമായ വസ്തുക്കൾ കണ്ടെത്തി. വെടിയുതിർത്ത തോമസ് ക്രൂക്ക്സ് റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെന്ന് കണ്ടെത്തൽ.
അതേസമയം ഇന്ന് ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ ഡോണൾഡ് ട്രംപ് പങ്കെടുക്കും. ന്യൂജഴ്സിയിലാണ് കൺവെൻഷൻ നടക്കുന്നത്. ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ മെലാനിയ ട്രംപ് രംഗത്തെത്തി. നിന്ദ്യമായ പ്രവൃത്തിയെന്ന് മെലാനിയ ട്രംപ് പ്രതികരിച്ചു. പിന്തുണ നൽകിയ എല്ലാവർക്കും നന്ദിയെന്നും മുൻ പ്രഥമ വനിത അറിയിച്ചു. നന്ദി അറിയിച്ച് മകൾ ഇവാൻക ട്രംപും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയായിരുന്നു ഡോണൾഡ് ട്രംപിന് നെരെ വധശ്രമമുണ്ടായത്. അക്രമിയെ സുരക്ഷാ സേന വധിച്ചിരുന്നു. ആക്രമണത്തിൽ ട്രംപിന്റെ ചെവിയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ട്രംപിന്റെ വലത്തേ ചെവിയിലും മുഖത്തും ചോരയൊഴുകുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ റാലിയിൽ വെച്ചായിരുന്നു ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരുന്നത്.
ട്രംപ് പിന്തുണക്കാരെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 130 മീറ്ററിലധികം അകലെയുള്ള നിർമ്മാണ പ്ലാൻ്റിൻ്റെ മേൽക്കൂരയിൽ നിന്ന് ക്രൂക്ക്സ് ഒന്നിലധികം തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗവും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.