Kerala

ചെങ്ങളായിലെ ‘നിധി’ ഇപ്പോള്‍ എവിടെ? ആകാംക്ഷയും കൗതുകവും ബാക്കി; കണ്ടെത്തിയ വസ്തുക്കള്‍ കണ്ടെത്താൻ പരിശോധന

Spread the love

കണ്ണൂര്‍: കണ്ണൂർ ചെങ്ങളായിയിലെ നിധി കണ്ടെത്തിയ സ്ഥലത്ത് പുരാവസ്തു വകുപ്പിന്‍റെ നേതൃത്വത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശോധന നടക്കാൻ സാധ്യത. നിധി കിട്ടിയാൽ ചെയ്യാറുള്ള നടപടി ക്രമത്തിൻറെ ഭാഗമായാവും പരിശോധന. പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് നിധി കണ്ടെത്തിയത്. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് വെള്ളിനാണയങ്ങളും സ്വർണാഭരണങ്ങളും അടങ്ങിയ ഓട്ടുപാത്രം കിട്ടിയത്.

സ്വര്‍ണാഭരണങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം ഏതു കാലഘട്ടത്തിലേതാണെന്നും എവിടത്തേതാണെന്നുമൊക്കെയുള്ള കൗതുകവും ആകാംക്ഷയും അനുമാനങ്ങളുമെല്ലാം തുടരുന്നതിനിടെയാണ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാൻ പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുന്നത്. പുരാവസ്തു വകുപ്പിന്‍റെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയ വസ്തുക്കള്‍ എന്താണെന്ന വിവരവും പുറത്തുവരും.
നിലവിൽ റവന്യൂ വകുപ്പിന്‍റെ മേൽനോട്ടത്തിലാണ് നിധി സൂക്ഷിച്ചിരിക്കുന്നത്.

ചെങ്ങളായിയില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ റവന്യ വകുപ്പ് ഏറ്റെടുത്ത് സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കളക്ടർ ആവശ്യപ്പെടണം. റവന്യൂ വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല. ഞായറാഴ്ച അവധിയായതിനാല്‍ തന്നെ തിങ്കളാഴ്ചയോടെ അറിയിപ്പ് ഉണ്ടാവാൻ സാധ്യതയുള്ളൂ. ഇതിനുശേഷമായിരിക്കും പുരാവസ്തു വകുപ്പ് സ്ഥലത്തെത്തുക. നടപടിക്കുശേഷം റവന്യു വകുപ്പിന്‍റെ കൈവശമുള്ള വസ്തുക്കള്‍ പുരാവസ്തു വകുപ്പിന് പരിശോധനക്കായി കൈമാറും.