Kerala

പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പ് സംഘത്തിന്റെ ഭാ​ഗമായി; ​ഗുരുതര കണ്ടെത്തലുകളുമായി സിപിഐഎം

Spread the love

പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാ​ഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ തൊഴിൽ തട്ടിപ്പിനൊപ്പം ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയതായി സിപിഐഎം കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിന് ശേഷം പ്രമോദിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്.

പാർട്ടിയുടെ യശസിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് പ്രമോദിനെ പുറത്താക്കുന്നതെന്നാണ് ഇന്നലെ സിപിഐഎം നേതൃത്വം വിശദീകരിച്ചിരുന്നത്. പി എസ് സി കോഴയല്ല യഥാർത്ഥത്തിൽ നടന്നത്. നടന്നത് തൊഴിൽ തട്ടിപ്പാണ്. പ്രമോദ് ജോലി തട്ടിപ്പ് സംഘത്തിന്റെ ഭാ​ഗമായെന്ന് സിപിഐഎം കണ്ടെത്തി. ആരോ​ഗ്യമന്ത്രിയുടെ ഓഫിസിനെ ഇയാൾ ദുരുപയോ​ഗം ചെയ്യാൻ ശ്രമിച്ചെന്നും പാർട്ടി കണ്ടെത്തിയിട്ടുണ്ട്.

പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയിൽ സിപിഐഎം ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോഴയെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. നടപടി ഏതു വിഷയത്തിൽ എന്നു പ്രെസ്സ് റിലീസിൽ ഇല്ലായിരുന്നു. പാർട്ടി സൽപ്പേരിനു കളങ്കം ഉണ്ടാക്കിയതിൽ പുറത്തക്കുന്നു എന്നു മാത്രമാണ് സിപിഐഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലെ തീരുമാന പ്രകാരമായിരുന്നു പ്രമോ​ദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.