Sports

സിംബാബ്‌വെക്കെതിരെ പരമ്പര ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും, ടീമിലെ സ്ഥാനം ഉറപ്പിക്കാൻ യുവതാരങ്ങളും; സാധ്യതാ ഇലവൻ

Spread the love

ഹരാരെ: ടി20 പരമ്പരയിലെ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ സിംബാ‌ബ്‌വെക്കെതിരെ ഇന്നിറങ്ങും. പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തി.

നിറയെ യുവാതരങ്ങളുമായി സിംബാബ്‌വെയിലെത്തിയ ഇന്ത്യക്ക് പരമ്പരയില്‍ ഇതുവരെ നടത്തിയ പ്രകടനം കണക്കിലെടുത്താല്‍ ഭാവി ടീമിലേക് അധഇകംപേരൊന്നും കണ്ടെത്താനായില്ല എന്നതാണ് ശ്രദ്ധേയമായാ കാര്യം. യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയും സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യക്ക് പ്രതീക്ഷവെക്കാവുന്ന പ്രകടനം പുറത്തെടുത്ത രണ്ട് താരങ്ങള്‍.ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറിയുമായി അഭിഷേക് ശര്‍മ, രോഹിത് ശര്‍മയുടെ കുറവ് നികത്താന്‍ പോന്ന കളിക്കാരനാണ് താനെന്ന് തെളിയിച്ച് കഴിഞ്ഞു

ഓപ്പണറായി ഇറങ്ങി 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കാന്‍ കഴിയുന്ന അഭിഷേകിനെ കഴിഞ്ഞ മത്സരത്തില്‍ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാറ്റിംഗ് അനായാസമല്ലാതിരുന്ന പിച്ചില്‍ 134 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ബാറ്റിംഗ്. കഴിഞ്ഞ മത്സരത്തില്‍ നാാലം നമ്പറിലിറങ്ങിയ റുതുരാജ് ഗെയ്ക്‌വാദ് 200 സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തത്. അതുകൊണ്ടുതന്നെ അഭിഷേകിനെ ഓപ്പണറാക്കി ഗില്‍ മൂന്നാം നമ്പറിലിറങ്ങിയാലും അത്ഭുതപ്പെടാനില്ല. ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ഗില്‍, ജയ്സ്വാള്‍, അഭിഷേക്, റുതുരാജ്, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര് തുടരനാണ് സാധ്യത.

രവീന്ദ്ര ജഡേജ ഒഴിച്ചിട്ട സ്പിന്‍ ഓള്‍ റൗണ്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമെന്ന നിലയില്‍ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ മറ്റൊരു യുവതാരം വാഷിംഗ്ടണ്‍ സുന്ദറാണ്.മൂന്ന് കളികളിൽ 4.5 ഇക്കോണമിയില്‍ ആറ് വിക്കറ്റാണ് സുന്ദര്‍ നേടിയത്. ബൗളിംഗ് നിരയില്‍ ആവേശ് ഖാന് പകരം മുകേഷ് കുമാര് തിരിച്ചെത്തിയേക്കുമെന്നാണ് കരുതുന്നത്. സ്പിന്‍ നിരയില്‍ കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും രവി ബിഷ്ണോയ് തുടരും. കഴിഞ്ഞ മത്സരത്തില്‍ അഞ്ചാം ബൗളറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ശ്രീലങ്കക്കെതിരായ ഏകദിന ടി20, പരമ്പരകള്‍ക്കുള്ള ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെ സിംബാബ്‌വെ പരമ്പരയിലെ പ്രകടനം യുവതാരങ്ങള്‍ക്ക് നിര്‍ണായകമാണ്. അഭിഷേകിനും സുന്ദറിനുമൊപ്പം പരമ്പരയുടെ ടോപ് സ്കോററായ റുതുരാജ് ഗെയ്ക്‌വാദും ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സ്ഥാനം ഉറപ്പാക്കുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ കഴിഞ്ഞ മത്സരത്തിലും ആദ്യ മത്സരത്തിലും ടോപ് സ്കോറാറായിരുന്നെങ്കിലും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം അത്ര ആശാവഹമല്ല.മലയാളി താരം സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവര്‍ക്കും ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കാൻ ഇന്നത്തെ പ്രകടനം നിർണായകമാകും.