Kerala

വിഴിഞ്ഞം തുറമുഖം; ഈ ചരിത്ര നിമിഷം ഉമ്മൻ ചാണ്ടിയുടെ ആത്മസമർപ്പണം ഓർക്കാതെ പൂർത്തിയാകില്ലെന്ന് സ്പീക്കർ

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്റെ ട്രയൽ റൺ കേരളത്തിന്റെ വികസന ചരിത്രത്തിൽ ഒരു പുതിയ അധ്യായമാണെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിസ്തുലമായ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ ഈ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു. മദർഷിപ്പിന്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സ്പീക്കറുടെ കുറിപ്പ്.

ഇതൊരു ചരിത്ര നിമിഷമാണ്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറും. ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്‍റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഇത് കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും. വിഴിഞ്ഞം തുറമുഖത്തിന്‍റെ നാൾവഴികളിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നേതൃത്വം പോർട്ടിന്‍റെ സാക്ഷാത്കാരത്തിന് ആക്കം കൂട്ടുന്നതായിരുന്നു.

ഈ പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നിട്ടും, അദ്ദേഹം ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോയി. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ ഭാവിക്ക് അനന്തമായ സാധ്യതകൾ തുറന്നുകാട്ടുന്നുണ്ട്. ഈ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് ഒരു പുതിയ ഏടായി മാറുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചില്ല. തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിണറായി പൂർണമായും ഒഴിവാക്കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല.