Kerala

കേരളത്തിൽ എൻസിപി പിളർന്നു; റെജി ചെറിയാൻ പക്ഷം കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലേക്ക്

Spread the love

കേരളത്തിൽ എൻസിപി പിളർന്നു. എൻസിപി റെജി ചെറിയാൻ പക്ഷം കേരള കോൺ​ഗ്രസ് ജോസഫ് പക്ഷത്തേക്ക് ചേരാനാണ് നീക്കം നടക്കുന്നത്. മുൻപ് തർക്കമുണ്ടായപ്പോൾ പി സി ചാക്കോയ്ക്ക് ഒപ്പം നിന്ന ഒരു കൂട്ടംപേരാണ് പാർട്ടി വിട്ടത്. ജോസഫ് വിഭാ​ഗവുമായി ഇവർ ചർച്ച നടത്തിയെന്നാണ് വിവരം. ലയനം അടുത്ത മാസമുണ്ടാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി സി ചാക്കോ സ്ഥാനം കൊടുത്തതെല്ലാം പാർട്ടിയ്ക്ക് പുറത്തുള്ളവർക്കാണെന്നാണ് ഈ വിഭാ​ഗത്തിന്റെ ഇപ്പോഴത്തെ വിമർശനം. തോമസ് കെ തോമസ്- പി സി ചാക്കോ തർക്കത്തിൽ റെജി ചെറിയാൻ പി സി ചാക്കോയ്ക്ക് ഒപ്പമായിരുന്നു.

പാർട്ടിയിൽ ഒരേ ആളുകൾ അധികാരം പങ്കിടുന്നുവെന്നാണ് പാർട്ടി വിടുന്ന നേതാക്കളുടെ വിമർശനം. പാർട്ടിയിൽ ഇപ്പോൾ വാളെടുക്കുന്നവർ എല്ലാവരും വെളിച്ചപ്പാടുകളാണ് എന്ന അവസ്ഥയാണ്. സംഘടന എന്താണെന്ന് അറിയുന്ന ഒരാൾ പോലും ഇപ്പോൾ ഈ പാർട്ടിയിൽ തുടരുന്നില്ല. 40 വർഷത്തോളം പാർട്ടിയ്ക്കൊപ്പം നിന്നവർ ഉൾപ്പെടെയാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. അഹങ്കാരം കാണിക്കുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് ഈ തെരഞ്ഞടുപ്പ് ഫലം കാണിക്കുന്നതെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

യാതൊരു ഉപാധികളുമില്ലാതെയാണ് ജോസഫ് വിഭാ​ഗത്തിനൊപ്പം ചേർന്ന് യുഡിഎഫിൽ എത്തുന്നതെന്ന് പാർട്ടി വിടുന്ന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആര് എന്നത് പാർട്ടി അപ്പോൾ തീരുമാനിക്കും. നിലവിൽ യുഡിഎഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്. എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു റെജി ചെറിയാൻ.