Kerala

‘ജനമനസിൽ വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടേതാണ്’: ചാണ്ടി ഉമ്മൻ

Spread the love

ജനമനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടതാണെന്നും ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്‍റെ വാക്കുകള്‍.

അതേസമയം തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്‍റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ ആയിരുന്നു അധ്യക്ഷൻ. ഇന്നത്തെ ഔദ്യോ​ഗിക ചടങ്ങുകൾ പൂർത്തിയാക്കി കണ്ടെയ്നറുകൾ ഇറക്കിയതിന് ശേഷം നാളെയാണ് സാൻ ഫെർണാണ്ടോ തീരം വിടുക.