Kerala

വിഴിഞ്ഞത്ത് മദര്‍ഷിപ്പിന് സ്വീകരണം: പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് മദർഷിപ്പിനെ സ്വാഗതം ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് പ്രതിഷേധാർഹമെന്ന് എം വിൻസെന്റ് എംഎൽഎ. നിയമസഭയിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. എന്താണ് ഉണ്ടായത് എന്ന് പരിശോധിച്ച് തിരുത്താൻ ശ്രമിക്കുമെന്ന് മന്ത്രി സജി ചെറിയാൻ മറുപടിയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യോത്തര വേളയിലെ ചര്‍ച്ചകൾക്കിടയിലാണ് ഈ വിഷയം ഉയര്‍ന്നത്.

വിഴിഞ്ഞം തുറമുഖം പദ്ധതി തുടങ്ങിയത് ഇകെ നയനാർ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലാണെന്ന് സഭയിൽ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് പിണറായി സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ വാദം മന്ത്രി സജി ചെറിയാനും സഭയിൽ ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ആദ്യം തീരുമാനിച്ചത് ഇകെ നായനാർ സർക്കാരാണെന്നും ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തികൾ പൂർണമായി പൂർത്തീകരിച്ചത് പിണറായി വിജയൻ സർക്കാരാണ്. വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് എം വിൻസൻ്റ് എംഎൽഎയുടെ പ്രതികരണത്തിനായിരുന്നു തുറമുഖ വകുപ്പ് മന്ത്രിയുടെ മറുപടി. യുഡിഎഫ് സർക്കാരിന്റെ പങ്ക് കുറച്ചു കാണുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു.