National

പൊലീസിൻ്റെ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ചു: വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ കേസ്

Spread the love

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലിയുടെ പബിനെതിരെ പൊലീസ് കേസ്. ബെംഗളൂരുവിലെ വൺ8 കമ്യൂൺ പബിനെതിരെയാണ് കേസ്. ബെംഗളൂരു എംജി റോഡിൽ പ്രവർത്തിക്കുന്ന മറ്റ് നിരവധി സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു. രാത്രി കാലത്ത് അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തിച്ചുവെന്നതാണ് കുറ്റം. രാത്രി ഒരു മണി വരെയായിരുന്നു പ്രവർത്തനത്തിന് അനുമതി. എന്നാൽ ഒന്നരയായിട്ടും സ്ഥാപനങ്ങൾ തുറന്നിരുന്നുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ബെംഗളൂരു പൊലീസ് സെൻട്രൽ ഡിസിപി വ്യക്തമാക്കി. ഇന്ത്യ ടുഡെയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പ്രദേശത്ത് രാത്രി വൈകിയും ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെതിരെ പൊലീസിന് സ്ഥിരമായി പരാതി ലഭിച്ചിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന വൺ8 കമ്യൂൺ പബിനും സമീപത്ത് പ്രവർത്തിക്കുന്ന മറ്റ് പബുകൾക്കും എതിരെയാണ് കേസെടുത്തിരുന്നത്. പബുകൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ഡിസിപി അറിയിച്ചു.

വിരാട് കോഹ്ലിയുടെ വൺ8 കമ്യൂൺ പബിന് ഡൽഹി, മുംബൈ, പുണെ, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബെംഗളൂരുവിൽ കോഹ്ലി പബ് തുറന്നത്. മുംബൈയിലെ കോഹ്ലിയുടെ പബിൽ വേഷ്ടി ധരിച്ചെത്തിയതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ഒരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. ഫോണോഗ്രാഫിക് പെർഫോർമൻസ് ലിമിറ്റഡിൻ്റെ കോപ്പിറൈറ്റ് പരാതിയിൽ ഡൽഹിയിലെ വൺ8 കമ്യൂൺ പബിൽ പാട്ടുകൾ പ്ലേ ചെയ്യുന്നത് മുൻപ് ഡൽഹി ഹൈക്കോടതി വിലക്കിയിരുന്നു.