World

അപകടം കുടുംബം തകർത്തു, പുരോഗമന നിലപാടുമായി രാഷ്ട്രീയത്തിൽ; ഇറാൻ്റെ പ്രസിഡൻ്റാക്കി ജനം; പെസെഷ്‌കിയാൻ പുതുവസന്തമോ?

Spread the love

ടെഹ്‌റാൻ: ഇറാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യാഥാസ്ഥിക നിലാടുകാർക്ക് വൻ തിരിച്ചടി. തെരഞ്ഞെടുപ്പിൽ പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ ഡോ. മസൂദ് പെസെഷ്‌കിയാൻ വിജയിച്ചു. മസൂദ് പെസെഷ്‌കിയാൻ 16.3 ദശലക്ഷം വോട്ടും എതിർ സ്ഥാനാർത്ഥി സയീദ് ജലീലി 13.5 ദശലക്ഷം വോട്ടും നേടി. മെയ് 19 ന് വിമാനാപകടത്തിൽ ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ 30.5 ദശലക്ഷം (49.8%) വോട്ടാണ് തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടത്. രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് പെസഷ്കിയാൻ ജേതാവായത്.

ഇറാനെ സംബന്ധിച്ച് പ്രസിഡൻ്റിന് കാര്യമായ ചുമതലകളോ സ്വാധീനമോ ഭരണത്തിലില്ല. അത് അയത്തൊള്ളയ്ക്കാണ്. എങ്കിലും ഇസ്രയേലിൽ നിന്നും അവരുടെ പാശ്ചാത്യ സഖ്യ രാഷ്ട്രങ്ങളിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന കാലത്താണ് ഇറാനിൽ പെസെഷ്‌കിയാൻ അധികാരത്തിലെത്തുന്നത്. മധ്യേഷ്യയിൽ ഇസ്രയേൽ ഹമാസ് സംഘർഷം യുദ്ധത്തിന്റെ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ ഇതിൻ്റെ ഒരുചേരിയിൽ നിൽക്കാൻ ഇറാനും നിർബന്ധിതരായി. പലസ്തീനെ പിന്തുണക്കുകയും ഇസ്രയേലിനെ ശത്രുവായി കണക്കാക്കുകയും ചെയ്യുന്ന ഇറാൻ ഏറ്റുമുട്ടലിന് ഇറങ്ങിയത് ഇതിൽ പ്രധാനമായിരുന്നു. പ്രസിഡൻ്റ് ഇബ്രാഹിം റൈസിയുടെ അപ്രതീക്ഷിത മരണത്തിന് കാരണമായ വിമാന അപകടം നടന്നത് ഇതിന് പിന്നാലെയാണ്. ആണവ പദ്ധതിയുമായി ഇറാൻ മുന്നോട്ട് പോകുന്നതിൽ അമേരിക്കയടക്കമുള്ള രാജ്യങ്ങൾക്ക് കടുത്ത ആശങ്കയും എതിർപ്പുമുണ്ട്. ലെബനന് മേൽ ഇസ്രയേൽ സർവ്വസന്നാഹങ്ങളോട് ആക്രമണത്തിന് നീങ്ങിയാൽ യുദ്ധമുണ്ടാകുമെന്നാണ് ഐക്യരാഷ്ട്ര സഭയ്ക്ക് ഇറാൻ പ്രതിനിധികൾ നൽകിയ മുന്നറിയിപ്പ്. തങ്ങളും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഇരിക്കുന്നതെന്നും ഇറാൻ യുഎന്നിനോട് വ്യക്തമാക്കി. ഇതിനോട് രൂക്ഷമായാണ് ഇസ്രയേലും പ്രതികരിച്ചത്

ഇറാനിലെ യാഥാസ്ഥിതിക നിലപാടുകാരോട് വിയോജിക്കുന്ന പെസെഷ്കിയാൻ പരിഷ്കരണവാദിയെന്ന നിലയിൽ പേരെടുത്ത നേതാവാണ്. അന്താരാഷ്ട്ര സമൂഹവുമായി രാജ്യം സമവായത്തിലെത്തണമെന്ന വാദക്കാരനാണ് അദ്ദേഹം. കാഴ്ചപ്പാടിലാണ് മാറ്റം വേണ്ടതെന്നും രാജ്യത്തിൻ്റെ പ്രശ്നങ്ങൾ തീർക്കണോയെന്ന് ചിന്തിക്കണമെന്നും ഇപ്പോൾ ലോകത്ത് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥിതിയിൽ നിന്ന് ഇറാൻ പുറത്തുകടക്കണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നുമാണ് പ്രചാരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്.

ഇറാനിൽ 2009 ൽ നടന്ന ജനാധിപത്യ അവകാശത്തിനായുള്ള പോരാട്ടത്തിലൂടെയാണ് പെസെഷ്കിയാൻ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹം രാജ്യത്തെ പരിഷ്കാരവാദികളിൽ പ്രമുഖനായി. അറിയപ്പെടുന്ന ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനായത് അദ്ദേഹത്തിൻ്റെ ജനപ്രീതി ഉയരാൻ കാരണമായി. 2022 ൽ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രതിഷേധക്കാർക്ക് ഒപ്പമായിരുന്നു പെസെഷ്കിയാൻ്റെ നിലപാട്. പ്രതിഷേധം അടിച്ചമർത്തിയ മത പൊലീസ് അതിനായി നൂറ് കണക്കിന് പൗരന്മാരെ വധിക്കുകയും ആയിരക്കണക്കിന് ആളുകളെ തടവിലാക്കുകയും ചെയ്തു. ഈ പ്രതിഷേധ കാലത്ത് ഇറാനിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷയത്തിൽ പെസെഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്. മതവിശ്വാസം ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശാസ്ത്രീയമായി ഇത് അസാധ്യമെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. സർക്കാരിൻ്റെ തെറ്റിൻ്റെ ഒരു പങ്ക് ഞാനും ഏറ്റെടുക്കുന്നു, മതപണ്ഡിതരും പള്ളികളും കുറ്റമേൽക്കണം, ഇറാനിലെ വാർത്താ വിനിമയ മന്ത്രാലയത്തിനും പങ്കുണ്ട്. എല്ലാവരും മുന്നോട്ട് വന്ന് തെറ്റ് ഏറ്റുപറയണം. ആ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം അവളുടെ വീട്ടിലെത്തിക്കുകയായിരുന്നില്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹ്സ അമിനി സമരം ഇറാനിൽ മതപൊലീസ് അടിച്ചമർത്തിയതോടെ പരിഷ്കരണവാദികൾ നിശബ്ദരാക്കപ്പെട്ടിരുന്നു. അവിടെയാണ് വസന്തകാലത്തിൻ്റെ പ്രതീക്ഷകളോടെ പെസെഷ്കിയാൻ അധികാരത്തിലെത്തുന്നത്. പ്രസിഡൻ്റ് പദത്തിലേക്ക് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് സ്ഥാനാര്‍ഥികളില്‍ പരിഷ്‌കരണവാദി ഡോ. മസൂദ് പെസെഷ്‌കിയാൻ മാത്രമായിരുന്നു. സയീദ് ജലീല്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഘലിബാഫ്, മുന്‍ ആഭ്യന്തര മന്ത്രി മുസ്തഫ പോര്‍ മുഹമ്മദി എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ആദ്യ ഘട്ടത്തിൽ ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 44.36 ശതമാനം വോട്ട് നേടി മസൂദ് പെസെഷ്‌കിയാന്‍ ഒന്നാമതെത്തി. സയീദ് ജലീലിയാണ് രണ്ടാമതും എത്തി. ഇതോടെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ കൂടുതൽ പങ്കാളിത്തം ഉണ്ടായി. 60 ലക്ഷത്തോളം വോട്ടുകൾ കൂടി.
മിശ്ര വിവാഹിതരായിരുന്നു പെസെഷ്കിയാൻ്റെ മാതാപിതാക്കൾ. അച്ഛൻ അസേരി വംശജനും അമ്മ കുർദിഷ് വംശജയുമായിരുന്നു. പേർഷ്യൻ ഭാഷ അദ്ദേഹത്തിൻ്റെ മാതൃഭാഷയല്ല. അത് രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെങ്കിലും ഭൂരിപക്ഷം വോട്ടർമാർക്കും അത് പ്രശ്നമായിരുന്നില്ല. 69കാരനായ പെസെഷ്കിയാൻ്റെ ജീവിതം 1994 ഉണ്ടായ അപകത്തിലൂടെയാണ് മാറ്റിമറിക്കപ്പെട്ടത്. കാറപകടത്തിൽ ഭാര്യയെയും മക്കളെയും പെസെഷ്‌കിയാന് നഷ്ടമായി. എല്ലാവരും അപകടത്തിൽ മരിച്ചു. ജീവിതം പിന്നീട് പൊതുപ്രവർത്തനത്തിനായി മാറ്റിവച്ച പെസെഷ്കിയാൻ 2013 ലും 2021 ലും പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചു. എന്നാൽ മുന്നേറാൻ സാധിച്ചില്ല. ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തബ്രീസിൽ നിന്നുള്ള പാര്‍ലമെന്റംഗമായ അദ്ദേഹം ഇറാന്റെ ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തും പുറത്തും സംഘർഷങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ മധ്യസ്ഥനാകുമോ പെസെഷ്കിയാൻ എന്നതാണ് ബാക്കിയാവുന്ന ചോദ്യം.