National

പരീക്ഷാ ക്രമക്കേടില്‍ രാജ്യസഭയില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം; ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മറുപടി നല്‍കും

Spread the love

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പ്രക്ഷുഭ്തമായേക്കുമെന്നാണ് സൂചന. നീറ്റ്, യുജി പരീക്ഷാ ക്രമക്കേടില്‍ ഇന്ന് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധം തുടരാനാണ് സാധ്യത.

ഇന്നലെ ലോക്‌സഭയില്‍ നല്‍കിയ മറുപടിയുടെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി രാജ്യസഭയിലും മറുപടി പറയുക. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് വിവരം. പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഇന്നലെ പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ പ്രതിപക്ഷത്തിന്റെ വേദന എനിക്ക് മനസിലാകുമെന്നും എന്‍ഡിഎ മൂന്നാമതും വന്‍ വിജയം നേടിയെന്നും മോദി ലോക്‌സഭയില്‍ പറഞ്ഞിരുന്നു. പ്രീണനരാഷ്ട്രീയമായിരുന്നു രാജ്യത്ത് കുറേക്കാലമായി ഉണ്ടായിരുന്നത്. അവരെ ജനം തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതി പരമ്പരകളാണ് കോണ്‍ഗ്രസ് ഭരണകാലത്ത് നാം കണ്ടിരുന്നത്. അഴിമതിയോട് സന്ധി ചെയ്യാത്ത തങ്ങളുടെ നയങ്ങള്‍ക്ക് ജനങ്ങള്‍ അംഗീകാരം നല്‍കി. 250 മില്യണ്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

നാടകീയ സംഭവങ്ങളാണ് ഇന്നലെ സഭയില്‍ അരങ്ങേറിയത്. പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഉച്ചത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ അംഗങ്ങളോട് പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ഇത് പ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുഭ്തമായി.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.