National

ബാലകബുദ്ധി മൂന്ന് തവണ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു’; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പാര്‍ലമെന്റില്‍ വിമര്‍ശനം ആവര്‍ത്തിച്ച് മോദി

Spread the love

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി നല്‍കിയതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. ഇന്നലെ ലോക്‌സഭയില്‍ കണ്ടതുപോലെ പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസിനുമെതിരെ കടന്നാക്രമണം നടത്തിയ മോദി രാഹുലിന്റേത് ബാലകബുദ്ധിയെന്ന പരിഹാസം ആവര്‍ത്തിച്ചു. എന്‍ഡിഎയുടെ വന്‍ വിജയത്തെ ബ്ലാക്കൗട്ട് ചെയ്യാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് നരേന്ദ്രമോദി രാജ്യസഭയില്‍ പറഞ്ഞു. ജനവിധി അംഗീകരിക്കാന്‍ ചിലര്‍ തയാറാകുന്നില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് വിജയത്തിന് കാരണം. ഭരണഘടനയെ സംരക്ഷിക്കാനെന്ന പ്രതിപക്ഷ പ്രചാരണം ആത്മാര്‍ത്ഥതയില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ പ്രസംഗത്തിനിടെ രാജ്യസഭയില്‍ വലിയ ബഹളമാണുണ്ടായത്. പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിക്കാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ശ്രമം നടത്തിയെങ്കിലും ചെയര്‍മാന്‍ അത് അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് മോദി പ്രസംഗം തുടര്‍ന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇനിയും 20 വര്‍ഷം കൂടി എന്‍ഡിഎ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി അവകാശവാദം ഉന്നയിച്ചു. ഭരണഘടനയെ പ്രതിപക്ഷം അപമാനിക്കുകയാണ് ചെയ്യുന്നത്. സത്യം കേള്‍ക്കാന്‍ പ്രതിപക്ഷത്തിന് ശക്തിയില്ല. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനും സഭയില്‍ ഇന്ന് മോദി മറുപടി പറഞ്ഞു. ഏത് ഘട്ടത്തിലാണ് കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്നാലെ അഴിച്ചുവിട്ടതെന്ന് കോണ്‍ഗ്രസിനറിയാം. അതിന് അവരാണ് മറുപടി പറയേണ്ടത്. ഇപ്പോള്‍ നിയമപരമായി മാത്രമേ അന്വേഷണങ്ങള്‍ മുന്നോട്ടുപോകുന്നുള്ളൂ. ബിജെപി ഇതിലൊന്നും ഇടപെട്ടിട്ടില്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ വലിയ പരാജയമെന്നും മോദി വിമര്‍ശിച്ചു.