രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, ഗുജറാത്തിലെ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ്ദൾ
രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു’ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ. സംഭവത്തിന്റെ വിഡിയോ വിഎച്ച്പി പങ്കുവെക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങളും ബജ്റംഗ്ദൾ പ്രവർത്തകർ നശിപ്പിച്ചു. രാഹുലിന്റെ പോസ്റ്ററുകൾ കറുത്ത മഷി ഉപയോഗിച്ച് വികൃതമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭാ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ ട്വീറ്റ് ചെയ്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിലെ ഹിന്ദുപരാമർശം സഭാ രേഖകളിൽ നിന്ന് നീക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സംഘ്പരിവാർ രാഷ്ട്രീയത്തേയും തുറന്നുകാട്ടുന്ന പ്രസംഗമാണ് രാഹുൽ ഗാന്ധി ഇന്നലെ ലോക്‌സഭയിൽ നടത്തിയത്. വിദ്വേഷവും അക്രമവും നടത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും പ്രധാനമന്ത്രിയും ബി.ജെ.പിയും യഥാർഥ ഹിന്ദുക്കളല്ലെന്നും രാഹുൽ തുറന്നടിച്ചു.
പാർലെമന്റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. തുടർന്നാണ് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.