World

325 യാത്രക്കാരുമായി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, അപകടമൊഴിവായത് തലനാരിഴക്ക്, 40 പേർക്ക് പരിക്ക്

Spread the love

മാഡ്രിഡ്: ആകാശത്ത് വീണ്ടും ആശങ്കയായി വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയർ യൂറോപ്പ വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം ശക്തമായ ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ബ്രസീലിൽ അടിയന്തരമായി നിലത്തിറക്കി. എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു.

വിമാനത്തിൽ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 11 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. അപകടത്തിന്‍റെ വീഡിയോയും പുറത്ത് വന്നു. കഴിഞ്ഞ മേയിൽ സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ചിരുന്നു.