World

മുസ്ലിം വിരോധം, അച്ഛനെ പുറത്താക്കിയ ചരിത്രം, പ്രസിഡൻ്റാകാൻ കൊതിപൂണ്ട യാത്ര: ഫ്രാൻസിൻ്റെ തലവര മാറ്റുമോ മരിനെ ലെ പെൻ

Spread the love

ഫ്രാൻസിൽ പാർലമെൻ്റിൻ്റെ അധോസഭയായ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം പ്രവചിക്കുകയാണ് എക്സിറ്റ് പോളുകൾ. മരിനെ ലെ പെൻ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിക്ക് 34 ശതമാനം വോട്ടാണ് ആദ്യ റൗണ്ടിൽ പ്രവചിക്കുന്നത്. നിലവിലെ പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ നയിക്കുന്ന വലതുപക്ഷ പാർട്ടിക്ക് 22 ശതമാനം മാത്രമാണ് വോട്ട് പ്രവചിക്കപ്പെടുന്നത്. ഇടതു പാർട്ടികളുടെ സഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് 29 ശതമാനം വോട്ട് നേടി രണ്ടാമതെത്തുമെന്നും പ്രവചിക്കപ്പെടുന്നു.

ആദ്യ റൗണ്ടിൽ മുന്നിലെത്തുന്നവർ തമ്മിൽ എല്ലാ അസംബ്ലികളിലും രണ്ടാം റൗണ്ട് പോരാട്ടം ജൂലൈ ഏഴിന് നടക്കും. അധികാരത്തിലെത്തുമോയെന്ന് ഉറപ്പില്ലെങ്കിലും നാഷണൽ റാലിക്കാണ് നിലവിൽ രാജ്യത്ത് മേൽക്കൈ. എങ്കിലും കടുത്ത ഭരണ വിരുദ്ധ വികാരത്തിൽ നിലതെറ്റി മാക്രോൺ വീഴുമ്പോൾ, മരിനെ ലെ പെൻ എന്ന വനിതാ നേതാവാണ് വാർത്തകളിൽ നിറയുന്നത്. തീവ്രദേശീയവാദിയായ മരിനെ ലെ പെൻ 1986 ലാണ് രാഷ്ട്രീയത്തിലെത്തിയത്.

നാഷണൽ ഫ്രണ്ട് എന്നായിരുന്നു നാഷണൽ റാലിയുടെ ആദ്യത്തെ പേര്. മരിനെയുടെ അച്ഛൻ ജീൻ-മേരി ലെ പെൻ ഏതാണ്ട് 50 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഈ പാർട്ടി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രഞ്ച് സൈന്യത്തിൽ അംഗമായിരുന്നു അദ്ദേഹം. 2015 ൽ മരിനെ ലെ പെൻ പാർട്ടിയുടെ സ്ഥാപക നേതാവ് കൂടിയായിരുന്നിട്ടും അച്ഛനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നാസി ഗ്യാസ് ചേംബറുകളെ കുറിച്ചുള്ള അച്ഛൻ്റെ നിലപാടായിരുന്നു അതിന് കാരണം. പിന്നീട് പാർട്ടിയുടെ പേര് നാഷണൽ റാലി എന്നാക്കിയ മരിനെ, അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായ ജോർദൻ ബർദെല്ലയെ പാർട്ടി അധ്യക്ഷ പദവിയിലെത്തിച്ചു.

പല വിഷയത്തിലും സ്വീകരിക്കുന്ന തീവ്ര നിലപാടുകളായിരുന്നു മരിനെ ലെ പെന്നിനെ ശ്രദ്ധേയയാക്കിയത്. എന്നാൽ 2015 ന് ശേഷം അവർ നിലപാടുകൾ മയപ്പെടുത്തി. ഫ്രാൻസ് യൂറോപ്യൻ യൂണിയൻ വിടണം എന്നതടക്കം നിലപാട് അവർ മാറ്റി. ഫ്രാൻസിൽ പ്രസിഡൻ്റ് സ്ഥാനം ലക്ഷ്യമിട്ടാണ് മരിനെ ലെ പെൻ മുന്നോട്ട് പോയത്. 2017 ലും 2022 ലും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അവർ മാക്രോണിന് പിന്നിൽ രണ്ടാമതെത്തി. ചില വിഷയങ്ങളിൽ പക്ഷെ മരിനെയുടെയും പാർട്ടിയുടെയും തീവ്ര നിലപാട് മാറിയതേയില്ല.. അഭയാർത്ഥി കുടിയേറ്റങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന മരിനെയുടെ മുസ്ലിം വിരുദ്ധ നിലപാടുകളും ഏറെ വാർത്തയായിരുന്നു. പൊതു സ്ഥലത്ത് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് വിലക്കണമെന്ന നിലപാട് നാഷണൽ റാലി കാലങ്ങളായി ഉയർത്തുന്നുണ്ട്. അതിർത്തിയിൽ കടുത്ത നിയന്ത്രണം ആവശ്യമാണെന്നും അഭയാർത്ഥി കുടിയേറ്റം കുറയ്ക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നാറ്റോ സഖ്യത്തിൽ നിന്ന് ഫ്രാൻസ് പുറത്തുപോകണമെന്നതും ലെ പെൻ ഉയർത്തുന്ന നിലപാടാണ്.

തൻ്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മരിനെ ലെ പെൻ എത്തിപ്പെട്ട വിവാദങ്ങളും നിയമപോരാട്ടങ്ങളും ചില്ലറയല്ല. 2018 ൽ ഇസ്ലാമിക് സ്റ്റേറ്റ് അതിക്രമങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് അവർക്കെതിരെ ഫ്രഞ്ച് പൊലീസ് കേസെടുത്തിരുന്നു. യൂറോപ്യൻ യൂണിയൻ്റെ ഫണ്ട് തിരിമറിയടക്കം വേറെയും ആരോപണങ്ങൾ നാഷണൽ റാലിക്കെതിരെ ഉയർന്നിരുന്നു.