കളിയിക്കാവിള കൊലപാതകം: മുഖ്യ സൂത്രധാരൻ സുനിൽകുമാർ പിടിയിൽ
കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന കേസിൽ മുഖ്യ സൂത്രധാരൻ സുനിൽകുമാർ പിടിയിൽ. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനിൽ കുമാർ പിടിയിലായത്. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസം ഇയാളുടെ കാർ കന്യാകുമാരി കുലശേഖരത്ത് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
മുഖ്യപ്രതി ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ എന്ന അമ്പിളിക്ക് കൊലപാതം നടത്താനുള്ള ആയുധങ്ങൾ നൽകിയത് സുനിലാണ്. സജികുമാറിന്റെ സുഹൃത്താണ് സുനിൽ. ജൂൺ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി ഉടമയായ എസ്.ദീപു(46)വിനെ കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. . ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനൽകേസുകളിൽ പ്രതിയുമായി അമ്പിളി പിടിയിലാകുന്നത്.
ദീപുവിനെ കൊലപ്പെടുത്തിയത് ക്ലോറോഫോം മണപ്പിച്ച ശേഷമെന്ന് കേസിലെ പ്രതി അമ്പിളി മൊഴി നൽകിയിരുന്നു. സുനിലാണ് ക്ലോറോഫോം നൽകിയതെന്ന് മൊഴി നൽകിയത്. ദീപുവിൽനിന്ന് കവർന്ന പണത്തിൽ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. സുനിൽകുമാർ നൽകിയ കൊട്ടേഷൻ എന്നായിരുന്നു അറസ്റ്റിലായ പ്രതി സജികുമാറിന്റെ ആദ്യ മൊഴി നൽകിയത്.