National

പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടി’; സിദ്ധരാമയ്യ വിഭാഗത്തിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ

Spread the love

കർണാടക കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടരുന്നതിനിടെ സിദ്ധരാമയ്യ വിഭാഗത്തിലെ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകൾ നടത്തിയാൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്ന് ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം സിദ്ധരാമയ്യ വിഭാഗം കെപിസിസി യോഗത്തിലും ആവർത്തിച്ചു

കെപിസിസി അധ്യക്ഷൻ, ഉപമുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച് പാർട്ടിയിലും സർക്കാരിലും സ്വാധീനം ഉറപ്പിച്ച ഡി കെ ശിവകുമാറിന് എതിരെയുള്ള നീക്കങ്ങൾ സിദ്ധരാമയ്യ പക്ഷം ശക്തമാക്കുകയാണ്. സാമുദായിക സമവാക്യങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. രണ്ട് പദവികൾ ഒരുമിച്ച് വഹിക്കരുതെന്ന ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം ഇതിൽ ഒടുവിലത്തേതാണ്. സർക്കാരിലെ നേതൃമാറ്റ ചർച്ചകൾ ഹൈക്കമാൻഡ് തന്നെ അവസാനിപ്പിച്ചതോടെ ഡി.കെ കടുത്ത പ്രതിരോധത്തിലായി. ഇതോടെയാണ് പരസ്യ പ്രതികരണങ്ങൾ നടത്തിയ മന്ത്രിമാർക്കെതിരെയുള്ള നിലപാട് കടുപ്പിച്ചത് .

കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് തന്നെ ഇടപെട്ടത്. എന്നാൽ കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യത്തിൽ നിന്ന് മന്ത്രിമാർ പിന്നോട്ടുപോകാൻ സാധ്യതയില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന സിദ്ധരാമയ്യയുടെ ആവർത്തിച്ചുള്ള പ്രതികരണത്തിൽ ലക്ഷ്യം വ്യക്തമാണ്