മുൻ ഭാര്യയോട് പക, മാസങ്ങളുടെ പ്ലാനിങ്ങിൽ കാറിൽ കെണിയൊരുക്കി; ബാദുഷക്ക് എംഡിഎംഎ എത്തിച്ച 2 പേർ പിടിയിൽ
കൽപ്പറ്റ: കാറില്‍ എംഡിഎംഎ വച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ. മുഖ്യപ്രതി ബാദുഷയ്ക്ക് എംഡിഎംഎ എത്തിച്ച നൽകിയവരാണ് പിടിയിലായത്. മേപ്പാടി ചൂരൽമല സ്വദേശി അനസ്, മൂപ്പനാട് സ്വദേശി മിഥുൻ വിനയൻ എത്തിവരെ കഴിഞ്ഞ ദിവസം ബത്തേരി പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ മാർച്ച് പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. മുൻ ഭാര്യയോടു പകയിലാണ് മുഖ്യപ്രതി ബാദുഷ ഭാര്യയെ കുടുക്കാൻ സ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുൻ ഭാര്യയോടുള്ള പ്രതികാര ബുദ്ധിയോടെ നടക്കുന്നതിനിടെയാണ് ദമ്പതികൾ ഓൺലൈൻ ആപ്പിൽ ഒരു കാർ വിൽപ്പനയ്ക്കായി വച്ചത്. ഇത് ബാദുഷ കണ്ടു. പിന്നാലെയായിരുന്നു ഗൂഢാലോചന. സുഹൃത്തുക്കളായ മോൻസി, ജോബിൻ എന്നിവർക്കൊപ്പമാണ് ബാദുഷ കാറിൽ എംഡിഎംഎ ഒളിപ്പിക്കാൻ തീരുമാനിച്ചത്. സുഹൃത്ത് മോൻസിനെ ഉപയോഗിച്ച് ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ കാർ വാങ്ങി. ഡൈവർ സീറ്റിൻ്റെ റൂഫിൽ എംഡിഎംഎ ഒളിപ്പിച്ചു.
ഇതിനായി എംഡിഎംഎ എത്തിച്ച നൽകിയവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. 11.13 ഗ്രാം എംഡിഎംഎയായിരുന്നു പ്രതികൾ കാറിൽ ഒളിപ്പിച്ചത്. പുൽപ്പള്ളി ഭാഗത്തു നിന്ന് വരുന്ന കാറിൽ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം കൈമാറി. പൊലീസ് പരിശോധനയിൽ എംഡിഎം കണ്ടെടുത്തു. എന്നാൽ, വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ദമ്പതികൾ നിരപരാധികളെന്ന് തെളിഞ്ഞത്.
ശ്രാവൺ എന്നയാൾക്ക് ടെസ്റ്റ് ഡ്രൈവിന് വാഹനം നൽകാൻ പോയതാണ്. ദമ്പതിമാർ തന്നെ നമ്പറും നൽകി. പക്ഷേ, വിളിച്ചു നോക്കിയപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ മോൻസിയുടെ കള്ളപ്പേരാണ് ശ്രാവൺ എന്ന് തിരിച്ചറിഞ്ഞു. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് എല്ലാത്തിനും പിന്നിൽ മുൻ ഭർത്താവെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.