Gulf

സമയപരിധി നാളെ വരെ മാത്രം, ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

Spread the love

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന തുടങ്ങും.സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ 1 ശതമാനം വർധനവ് വരുത്താനുള്ള നിർദേശത്തിന്റ കാലാവധി ഈ മാസം 30ന് അവസാനിക്കുന്നതോടെയാണിത്. പിഴയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക.

അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ ആറ് മാസത്തിനുള്ളിൽ ഒരു ശതമാനമാണ് വർധിപ്പിക്കേണ്ടിയിരുന്നത്. ജൂൺ 30 വരെയാണ് കാലാവധി. ജൂലൈ 1 മുതൽ പരിശോധനകളുണ്ടാകും. 8000 ദിർഹമെങ്കിലും പിഴ ചുമത്തും. ഓരോ മാസവും പിഴയുണ്ടാകും.

യുഎഇയുടെ സ്വദേശിവത്ക്കരണ ലക്ഷ്യം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2 ശതമാനം വർധനവാണ് ഈ വർഷം പൂർത്തിയാകുന്നതോടെ കൈവരിക്കേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവൽക്കരണമാണ് യുഎഇ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഓരോ ആറുമാസവും ഒരു ശതമാനം വെച്ച്, വർഷത്തിൽ രണ്ടു ശതമാനം വീതം അധികം സ്വദേശികളെ നിയമിക്കുന്നത്

ജൂൺ പൂർത്തിയാകുന്നതോടെ മൊത്തം സ്വദേസി ജീവനക്കാരുടെ എണ്ണം 5 ശതമാനത്തിലെത്തണം. സ്വദേശികളുടെ ഡിജിറ്റൽ തൊഴിൽ ബാങ്കായ നാഫിസിൽ നിന്നുമാണ് സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശികളെ നിയമിക്കേണ്ടത്.. ഇരുപതിനായിരത്തോളം സ്വകാര്യ സ്ഥാപനങ്ങളിലായി 97,000 ഓളം സ്വദേശികളെയാണ് ഇത്തരത്തിൽ ഇതുവരെ നിയമിച്ചത്.