National

ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാരൻ്റെ ചോദ്യം, നടുക്കം; കൊൽക്കത്തയിൽ നിന്നുള്ള മണിക്കൂറുകളോളം വൈകി

Spread the love

ബോംബ് ഭീതിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. സുരക്ഷാ പരിശോധനയുടെ സമയത്ത് യാത്രക്കാരൻ വിമാനത്തിൽ ബോംബുണ്ടോയെന്ന് ചോദിച്ചതിന് പിന്നാലെയാണ് ആശങ്ക പരന്നത്. കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വർ വഴി പുനെയിലേക്ക് പോകേണ്ട വിമാനം ഇന്നലെ അഞ്ച് മണിക്കൂറിലേറെ വൈകി.

ചെക്ക് ഇൻ കൗണ്ടറിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാർ തൻ്റെ ബാഗ് സൂക്ഷ്‌മമായി പരിശോധിക്കുന്നത് കണ്ട് പ്രകോപിതനായ യാത്രക്കാരനാണ് എന്താ അതിനകത്ത് ബോംബുണ്ടോയെന്ന് ചോദിച്ചത്. ഭയന്ന സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ അവിടെയുണ്ടായിരുന്ന എല്ലാവരെയും മാറ്റി. വിമാനത്തിനകത്ത് കയറിയ യാത്രക്കാരെയും മാറ്റി. പിന്നീട് വിശദമായ പരിശോധന നടത്തി. യാത്രക്കാരായ എല്ലാവരുടെയും ബാഗും തുറന്ന് പരിശോധിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് വിമാനം പുറപ്പെട്ടപ്പോഴും ബോംബിൻ്റെ തരി പോലും എവിടെയും ഇല്ലായിരുന്നു.

ഏപ്രിൽ മാസത്തിൽ മാത്രം രണ്ട് തവണ വ്യാജ ബോംബ് ഭീഷണി കൊൽക്കത്ത വിമാനത്താവളത്തിൽ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാർ പ്രവർത്തിക്കുന്നത്. എല്ലാ വിമാനങ്ങളിലും യാത്രക്കാരെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രാജ്യത്ത് പല വിമാനത്താവളങ്ങളിലും വിമാനങ്ങളിലും അടുത്തിടെ നിരവധി വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചിട്ടുള്ളത്.