Sports

പരിശീലക കുപ്പായത്തില്‍ അവസാന മത്സരത്തിന് രാഹുല്‍ ദ്രാവിഡ്

Spread the love

ടി20 ലോക കപ്പില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന വിജയം രോഹിത് ശര്‍മ്മക്കും സംഘത്തിനും മാത്രമല്ല പ്രാധാന്യമുള്ളത്. കോച്ചെന്ന നിലക്ക് രാഹുല്‍ ദ്രാവിഡിന് കൂടി ഈ ലോക കപ്പ് നേടുകയെന്നത് അത്യാവശ്യമാണ്. കാരണം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 മത്സരത്തോടെ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഔദ്യോഗികമായി സ്ഥാനമൊഴിയുകയാണ്. മൂന്ന് വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റിനെ രാകി മിനുക്കിയ ദ്രാവിഡ് താരങ്ങളുടെയെല്ലാം പ്രിയപ്പെട്ട കോച്ച് കൂടിയാണ്.

മത്സര ഫലം എന്ത് തന്നെയായാലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദ്രാവിഡ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ പടിയിറങ്ങുകയാണ്. ഗൗതം ഗംഭീര്‍ ആണ് പുതിയ ഇന്ത്യന്‍ കോച്ച്. ഐ.പി.എല്‍ വിന്നര്‍ കോച്ചുമാരില്‍ ഒരാള്‍ എന്ന നിലയിലും ഇന്ത്യന്‍ ടീമിലെ മികവും വെച്ച് ഗൗതം ഗംഭീറും ടീം ഇന്ത്യക്കായി അത്ഭുതങ്ങള്‍ കൊണ്ടു വന്നേക്കാം. എങ്കിലും രാഹുല്‍ ദ്രാവിഡിന്റെ ശൂന്യത നികത്താന്‍ സമയമെടുത്തേക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെ വലിയ നേട്ടങ്ങളിലേക്ക് കൈപിടിച്ചയാളാണ് ദ്രാവിഡ് എന്നതില്‍ തര്‍ക്കമില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മൂന്ന് ഐസിസി ഫൈനലുകളിലെത്തിച്ചു. ഏഷ്യാ കപ്പ് സ്വന്തമാക്കി. ലോകത്തെ എണ്ണം പറഞ്ഞ ടീമുകളായ ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും ടെസ്റ്റ് പരമ്പരകളില്‍ തോല്‍പ്പിച്ചു. എല്ലാത്തിലും ഉപരി ടീം ഇന്ത്യയെ എല്ലാ ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) തിളങ്ങാന്‍ കഴിയുന്ന ഒന്നാം നമ്പര്‍ ടീമാക്കി മാറ്റി.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007-ല്‍ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ വെച്ച് ഇന്ത്യ പുറത്തായപ്പോള്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ആയിരുന്നു. അന്നും ദ്രാവിഡ് വെസ്റ്റ് ഇന്‍ഡീസില്‍ ഉണ്ടായിരുന്നു. അന്നുണ്ടായ നിരാശക്ക് പകരം 2024-ല്‍ സന്തോഷിക്കാന്‍ വകയുണ്ടാകുമെന്നാണ് അദ്ദേഹം കരുതുന്നത്.

മറക്കാനാകാത്ത ചില പരാജയങ്ങള്‍ ഈ മുന്‍ ക്യാപ്റ്റന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. തന്റെ അവസാന ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയ ഇന്ത്യയെ 4-0 എന്ന കണക്കില്‍ തോല്‍പിച്ചു. ഒരിക്കല്‍ ഹാട്രിക് സിക്സറുകളുമായി ഇന്ത്യക്കായി തന്റെ ആദ്യത്തേയും അവസാനത്തേയും അന്താരാഷ്ട്ര ടി20 അവിസ്മരണീയമാക്കിയെങ്കിലും ആ മത്സരം തോറ്റു. ഇത്തരം മറക്കാനാകാത്ത കരിയര്‍ നിമിഷങ്ങളുടെ മറിച്ചുള്ള ഫലം വെസ്റ്റ് ഇന്‍ഡീസില്‍ സംഭവിക്കുമെന്ന് ക്യാപ്റ്റനും കൂട്ടരും കരുതുന്നു.

അതേ സമയം ‘രാഹുലിന് വേണ്ടി കപ്പ് നേടൂ’ എന്ന കാമ്പയിനെ ടീം ഇന്ത്യ കോച്ച് തള്ളുകയാണ്. നേട്ടങ്ങള്‍ തനിക്ക് ചുറ്റും കേന്ദ്രീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് എല്ലാവരുടേയും ആയിരിക്കണമെന്നും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ‘ദ്രാവിഡിന് വേണ്ടി ഇത് ചെയ്യുക’ കാമ്പയിന്‍ പരാമര്‍ശിച്ച് രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു.

ഒരു വ്യക്തിയെന്ന നിലയില്‍ ഇപ്പോള്‍ നടക്കുന്ന കാമ്പയിന്‍ ഞാന്‍ ആരാണെന്നതിന് തികച്ചും എതിരാണ്. എന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് അത്. ‘ആര്‍ക്കെങ്കിലും വേണ്ടി ചെയ്യൂ’ എന്നതില്‍ ഞാന്‍ ശരിക്കും വിശ്വസിക്കുന്നില്ല” ഒരു അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ ഹ്രസ്വ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.