Kerala

കെഎസ്ആര്‍ടിസി ബ്രെത്ത് അനലൈസര്‍ പരിശോധനയെ യൂണിയനുകള്‍ എതിര്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: മന്ത്രി ഗണേഷ് കുമാര്‍

Spread the love

കെഎസ്ആര്‍ടിസിയിലെ ബ്രെത്ത് അനലൈസര്‍ പരിശോധനയെ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ മദ്യപിച്ചെന്ന് കണ്ടെത്തിയാല്‍ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്ന യൂണിയനുകളുടെ ആവശ്യത്തെ മന്ത്രി സ്വാഗതം ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ വാഹനമോടിക്കാനെത്തിയവര്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ കോടതിയില്‍ കയറിയിട്ടേ ഇറങ്ങാനാകൂ. മെഡിക്കല്‍ പരിശോധനയ്ക്ക് ഇവരെ വിധേയരാക്കാന്‍ ഗതാഗതവകുപ്പ് റെഡിയാണെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

മദ്യപിച്ച് വാഹനമോടിക്കുന്നത് കെഎസ്ആര്‍ടിസിയിലെ യാത്രക്കാരെ മാത്രമല്ല റോഡിലെ കാല്‍നടയാത്രക്കാരെയും ബാധിക്കുന്ന കാര്യമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വേണ്ടിയാണ് തന്റെ ഈ തീരുമാനം. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് വിശ്വസിക്കുന്നില്ല. ഡ്രൈവര്‍മാരെ മാത്രമല്ല സ്ത്രീകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ക്ലെറിക്കല്‍ സ്റ്റാഫിനെ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കാമെന്നും മന്ത്രി യൂണിയനുകള്‍ക്ക് ഉറപ്പുനല്‍കി.

ബ്രെത്ത് അനലൈസര്‍ പരിശോധനയ്‌ക്കെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ അവരുടെ ചില ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ പരിശോധനകള്‍ ഊര്‍ജിതമായി നടത്തുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കുന്നത്. സംഘടനകള്‍ മന്ത്രിയ്ക്ക് കത്ത് സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.