Kerala

‘പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; ക്വട്ടേഷൻകാരെ സംരക്ഷിക്കുന്ന പാർട്ടിയല്ല’; CPIM കണ്ണൂർ ജില്ലാ നേതൃത്വം

Spread the love

പാർട്ടി വിട്ട മനു തോമസിന്റെ ആരോപണങ്ങൾ നിഷേധിച്ച് സിപിഐഎം. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ തള്ളി സിപിഐഎം കണ്ണൂർ ജില്ലാ നേതൃത്വം. പ്രചാരണങ്ങൾ അപലപനീയമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്വട്ടേഷൻകാരെ സംരക്ഷിക്കുകയോ സഹായിക്കുകയോ ചെയ്യുന്ന പാർട്ടിയല്ലെന്നും പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിപിഐഎം ജില്ലാ നേതൃത്വം പറയുന്നു.

മാധ്യമങ്ങൾ തുടർച്ചയായി പാർട്ടിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്ന വിമർശനം. മനു തോമസിന്റെ ആരോപണങ്ങൾ തെറ്റായ പ്രചാരവേല. പി ജയരാജനും ഷാജിറിനും ക്വട്ടേഷൻ സംഘത്തെ സഹായിക്കുന്നതായോ സ്വർണക്കടത്തുമായോ ബന്ധമില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു. മനു തോമസിനെതിരായ ഭീഷണി അപലപിക്കുന്നുവെന്നും പ്രതിഷേധാർഹമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു.

സൈബർ ക്വട്ടേഷൻ സംഘങ്ങളെയോ വധക്കേസ് പ്രതികളെയോ സമൂഹമാധ്യമങ്ങളിലെ പാർട്ടിയുടെ വാക്താക്കളാകാൻ ചുമതലപ്പെടുത്തിയിട്ടില്ല. സിപിഐഎമ്മിന്റെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നുണ്ട്. അതിൽ പാർട്ടിയെ സ്‌നേഹിക്കുന്ന ആരും കുടുങ്ങി പോകരുതെന്നും ജനങ്ങൾ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.