National

പ്രതിപക്ഷം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെന്ന് രാഹുല്‍; നീറ്റ് വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍

Spread the love

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍. ഇത് വിദ്യാര്‍ത്ഥികളെ ബാധിച്ച വിഷയമാണെന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ സഭ പ്രഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു.

കോണ്‍ഗ്രസ് എം പി കെ സി വേണുഗോപാലാണ് നെറ്റ്-നീറ്റ് പരീക്ഷാ വിവാദത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് സമര്‍പ്പിച്ചത്. നീറ്റ് വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ചട്ടം 267 പ്രകാരം ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് നോട്ടീസ് നല്‍കി. പ്രതിപക്ഷം രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ബഹുമാനിച്ചുകൊണ്ട് സഭ ഇന്ന് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ രാഷ്ട്രപതി തന്നെ മറുപടി പറഞ്ഞിട്ടുണ്ട് എന്നുള്‍പ്പെടെയുള്ള ന്യായവാദങ്ങള്‍ നിരത്തിയാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത്. നീറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഝാര്‍ഖണ്ഡില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹസാരിബാഗിലെ സ്‌കൂളില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ചോദ്യപേപ്പര്‍ ലഭിച്ചതായും സൂചനയുണ്ട്. അതിനിടെ മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് എന്‍ബിഇ മേധാവി ഡോ അഭിജത് ഷേത്ത് ഉറപ്പ് നല്‍കിയതായി ഐഎംഎ പത്രക്കുറിപ്പില്‍ അറിയിച്ചു.