വിദ്യാഭ്യാസമുള്ളവര്‍ നേതാവാകണം, പാര്‍ട്ടികളുടെ വ്യാജ പ്രചാരണങ്ങള്‍ തിരിച്ചറിയണം; വിദ്യാര്‍ത്ഥികളോട് വിജയ്
വിദ്യഭ്യാസമുള്ളവര്‍ നേതാക്കളാകണമെന്ന് നടനും തമിഴക വെട്രിക് കഴകം അധ്യക്ഷനുമായ വിജയ്. വിദ്യഭ്യാസമുള്ളവര്‍ എല്ലായിടത്തും നേതൃസ്ഥാനങ്ങളിലെത്തണമെന്നും വിജയ് പറഞ്ഞു. സംസ്ഥാനത്ത് പത്താം ക്‌ളാസ് പ്‌ളസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ആദരിയ്ക്കുന്ന ചടങ്ങിലായിരുന്നു വിജയുടെ പ്രസ്താവന. യുവതലമുറ ലഹരികളോട് നോ പറയണമെന്നും വിജയ് പറഞ്ഞു.
കൃത്യമായ ലക്ഷ്യം വച്ചാണ് വിദ്യാര്‍ത്ഥികള്‍ മുന്നേറേണ്ടത്. മെഡിക്കല്‍, എന്‍ജിനീയറിങ് അങ്ങനെയുള്ള ഓപ്ഷനുകള്‍ക്കൊപ്പം ഭാവിയില്‍ രാഷ്ട്രീയവും കരിയര്‍ ഓപ്ഷന്‍ ആകണം. എങ്കില്‍ മാത്രമെ വിദ്യഭ്യാസമുള്ളവര്‍ നേതാക്കളായി വരികയുള്ളു. പരോക്ഷമായി രാഷ്ട്രീയത്തിന്റെ ഭാഗമാണ് എല്ലാവരും. ഓരോ മാധ്യമങ്ങളും അവരുടെ രീതിയിലും താല്‍പര്യത്തിലുമാണ് വാര്‍ത്തകള്‍ നല്‍കുന്നത്. അതില്‍ നിന്ന് നല്ലത് മനസിലാക്കാന്‍ സാധിയ്ക്കണം. ഓരോ പാര്‍ട്ടികളുടെയും വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയണം. എങ്കില്‍ മാത്രമെ ഒരു നല്ല നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിയ്ക്കുവെന്നും വിജയ് പറഞ്ഞു.
ലഹരി ഉപയോഗം പുതു തലമുറയില്‍ വര്‍ധിയ്ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. താല്‍കാലിക സുഖത്തിന് വേണ്ടി മാത്രമാണ് ലഹരി ഉപയോഗിയ്ക്കുന്നത്. അത് പൂര്‍ണമായും ഉപേക്ഷിക്കണം. ലഹരിയോടും അത് നല്‍കുന്ന താല്‍കാലിക സുഖത്തോടും നൊ പറയണമെന്നും വിജയ് പറഞ്ഞു. ഓരോ നിയമസഭ മണ്ഡലങ്ങളിലെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. പരിപാടിയുടെ രണ്ടാം ഘട്ടം ജൂലൈ മൂന്നിന് നടക്കും.