Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചിലവേറും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം.

ജൂലൈ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസർ ഫീ നിരക്ക് ഉയരുന്നത്. 2021ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസർ ഫീ കൂട്ടുന്നത്. ഓരോ 5 വർഷം കൂടുമ്പോഴാണ് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസർ ഡെവലപ്മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ൽ താരിഫ് പുതുകേണ്ടിയിരുന്നെങ്കിലും രണ്ട് വർഷം വൈകി ഇപ്പോഴാണ് പുതുക്കിയത്.

കൊവിഡ് കാലത്തെ നഷ്ടം കണക്കിലെടുത്ത് 900 കോടി രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണം. ഇത് മൂലമാണ് ഈ തുക ഇത്രയും ഉയർന്നത് എന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്. അഞ്ച് വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ 1200 കോടി രൂപ ചെലവഴിക്കാനാണ് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. ഇത് രണ്ടും കണക്കിലെടുത്ത് യൂസർ ഫീ പുതുക്കി നിശ്ചയിച്ചതോടെയാണ് കുത്തനെയുള്ള വർധന. ഡൊമസ്റ്റിക് യാത്രക്കാരെ ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് വിമാനക്കമ്പനികൾ തമ്മിൽ കടുത്ത മത്സരം ഉണ്ട്. അതിനാൽ ഡൊമസ്റ്റിക്ക് യാത്ര നിരക്കുകളിൽ വലിയ മാറ്റം ഉണ്ടായേക്കില്ല. എന്നാൽ അന്താരാഷ്ട്ര യാത്രികർക്ക് കുത്തനെ കൂട്ടിയ യൂസർ ഫീ അമിത ഭാരമാകും.