National

പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളുടെ ശബ്ദം കൂടിയാണ്, അത് സഭയില്‍ മുഴങ്ങാന്‍ അനുവദിക്കണം; സ്പീക്കര്‍ ഓം ബിര്‍ലയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Spread the love

18-ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ലയെ അഭിനന്ദിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ഓം ബിര്‍ലയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദം തകര്‍ക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ മുന്നണിയിലെ അംഗവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും പറഞ്ഞു.

സഭ നന്നായി പ്രവര്‍ത്തിക്കണമെന്നും സ്പീക്കര്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ കൃത്യമായി ചെയ്യണമെന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നതായി രാഹുല്‍ പറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകും സഹകരണം പ്രാവര്‍ത്തികമാകുക. ജനങ്ങളുടെ ശബ്ദത്തെയാണ് സഭ പ്രതിനിധീകരിക്കുന്നത്. ഭരണപക്ഷത്തിന് അധികാരമുണ്ടെങ്കിലും പ്രതിപക്ഷം പ്രതിനിധീകരിക്കുന്നതും ജനങ്ങളുടെ ശബ്ദമാണ്. നന്നായി സഭ പ്രവര്‍ത്തിക്കുക എന്നാല്‍ ജനങ്ങളുടെ ശബ്ദം കൂടുതല്‍ ഉറക്കെ സഭയില്‍ പ്രതിനിധീകരിക്കപ്പെടുന്നുവെന്നാണ് അര്‍ത്ഥം. ജനങ്ങളുടെ ശബ്ദത്തിന്റെ മധ്യസ്ഥനാകുകയാണ് നിങ്ങള്‍. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാന്‍ അനുവദിക്കുമെന്ന് പ്രതിപക്ഷം വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബ്ദവോട്ടോടെയാണ് ഓം ബിര്‍ലയെ സ്പീക്കറായി തെരഞ്ഞെടുത്തത്. ഓം ബിര്‍ലയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രമേയം ലോക്‌സഭ പാസാക്കി.സ്പീക്കര്‍ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതോട് കൂടിയാണ് ഓം ബിര്‍ലയെ ശബ്ദവോട്ടോടെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, പാര്‍ലമെന്ററി കാര്യമന്തിയും ഓം ബിര്‍ലയെ അധ്യക്ഷ പദത്തിലേയ്ക്ക് ആനയിച്ചു.