ബാങ്കിൽ നിന്ന് പിൻവലിച്ച അഞ്ച് ലക്ഷം രൂപ പൊലീസ് ചമഞ്ഞ് തട്ടിയെടുത്തു; ആറ് പേർ പിടിയിൽ
വേങ്ങര: ബാങ്കിൽ നിന്ന് പണം പിൻവലിച്ചയാളെ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ആറു പേർ പിടിയിൽ. ഊരകം മേൽമുറി വെങ്കുളം മേലേതിൽ വീട്ടിൽ മുഹമ്മദ് നിസാമുദ്ദിന്റെ പരാതിയിലാണ് അറസ്റ്റ്. ചേറൂർ പടപ്പറമ്പ് തറമണ്ണിൽ മുസമ്മിൽ (34), പടിഞ്ഞാറ്റുമുറി പടിക്കൽ മുനീർ (34), കോഡൂർ ചെമ്മങ്കടവ് മാവുങ്ങൽ ഫൈസൽ ബാബു (31), ഊരകം കോട്ടുമല ചക്കനകത്ത് ജവാദ് അബ്ദുള്ള (കുഞ്ഞാപ്പ, 21), ഇരുമ്പുഴി പറമ്പൻ കൊടിയാട്ട് മൂസ്സ (36), ചേറൂർ കരിമ്പിൽ ഇസ്മായിൽ എന്നിവരാണ് പിടിയിലായത്.
ഈ മാസം 14ന് പകൽ 12.30ഓടെയാണ് കേസിനാസ്പദമായ സംഭവം. ഊരകം ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് 4.90 ലക്ഷം പിൻവലിച്ച ശേഷം ബാങ്കിനു മുന്നിലെ റോഡിൽ വാഹനത്തിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് നിസാമുദ്ദീനിൽ നിന്ന് സംഘം പണം തട്ടുകയായിരുന്നു. പൊലീസാണെന്ന് പറഞ്ഞാണ് വന്നത്. അനധികൃത പണമല്ലേ എന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. തുടർന്ന് മുഹമ്മദ് നിസാമുദ്ദീൻ പൊലീസിൽ പരാതി നൽകി.
വേങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തി. തുടർന്ന് ഡ്രൈവർ മുസ്സയെ ചോദ്യംചെയ്തതിൽ നിന്നാണ് പ്രതികളെ വിവിധ പ്രദേശങ്ങളിൽ നിന്ന് പിടികൂടിയത്. മുസമ്മിൽ, മുനീർ, ഫൈസൽ ബാബു എന്നിവരാണ് കേസിലെ മുഖ്യ ആസൂത്രകർ. മുഹമ്മദ് നിസാമുദ്ദിന്റെ സുഹൃത്തായ നാലാം പ്രതി ജവാദ് അബ്ദുള്ള, പണം പിൻവലിക്കുന്ന വിവരം ചോർത്തി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം വേങ്ങരയിലെത്തിയത്. മൂന്ന് പ്രതികൾ കൂടി കേസിൽ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത്, എസ്‌ഐ ടി ഡി ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത്, സിറാജ്, സന്തോഷ്, സലീം, അനീഷ് ചാക്കോ, ദിനേശ്, ജഷീർ, സ്മിത ജയരാജ്, ഷബീർ, സി ന്ധു എന്നിവരാണ് ഉണ്ടായിരുന്നത്.