മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി സഭയില്‍
മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാര്‍ നിയോഗിച്ചത് കമ്മിഷനെ അല്ലെന്നും അങ്ങനെ വ്യാഖ്യാനിക്കരുതെന്നും മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിയമസഭയിലെത്തിയത്. പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ അല്ല സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചതെന്ന് മന്ത്രി വി.ശിവന്‍കുട്ടി മറുപടി നല്‍കി. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടിയെടുക്കും. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. ഇതിനായി കൂട്ടായ ചര്‍ച്ച നടത്തും.
മലപ്പുറം ജില്ലയുടെ ഒരു പ്രാദേശിക പ്രശ്‌നമായി വിഷയത്തെ ലഘൂകരിച്ച് കാണരുതെന്ന് പെ കെ കുഞ്ഞാലിക്കുട്ടി സഭയില്‍ പറഞ്ഞു. മലപ്പുറത്ത് മാത്രമല്ല മറ്റു ജില്ലകളിലും പ്രശ്‌നങ്ങളുണ്ടെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി.സിദ്ദിഖിന്റെ ചോദ്യത്തിനുള്ള സ്പീക്കറുടെ പ്രതികരണം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയാക്കി. സമയം കൂടുതലെടുത്തിട്ടും കാര്യം ആര്‍ക്കും മനസിലായില്ലെന്നായിരുന്നു സ്പീക്കറുടെ പരാമര്‍ശം. എന്നാല്‍ ചോദ്യം ചോദിച്ച് 50 സെക്കന്റിനുള്ളില്‍ ചോദ്യം തടസപ്പെടുത്തുന്നതും ചോദ്യം മനസിലായില്ലെന്ന് പറയുന്നതും അംഗത്തെ അപമാനിക്കുന്നതുപോലെയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.