മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു
മദ്യനയ അഴിമതിക്കേസ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ജയിലിൽ കഴിയുന്ന കെജ്‌രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയിരുന്നു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സിബിഐ കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു. വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു.
ജൂൺ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നൽകിയ അപേക്ഷയിൽ ജാമ്യത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.