Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

Spread the love

കോഴിക്കോട്: പന്ത്രണ്ട് വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപത്തുള്ള അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു. ആരോഗ്യ വകുപ്പിന് കീഴില്‍ ആശാ വര്‍ക്കര്‍മാരാണ് ഈ അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം ശേഖരിക്കുന്നത്.

അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

രാമനാട്ടുകര നഗരസഭയിലെ 24, അഞ്ച് ഡിവിഷന്‍ പരിധിയില്‍ വരുന്ന കുളമാണിത്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ പൊതുകുളം ഉപയോഗിച്ചുവരുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ നീന്തല്‍ പരിശീലിക്കാനും കുളിക്കാനുമായി നിരവധി ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. കഴിഞ്ഞ 16ാം തീയ്യതി മുതല്‍ കുളത്തില്‍ എത്തിയവരുടെ വിവരമാണ് ശേഖരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്നുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

മെയ് മാസം അവസാന വാരത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് അഞ്ചുവയസുകാരിക്ക് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങിയിരുന്നു.