ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാനാവുന്ന കുറേ ചോദ്യങ്ങളുണ്ടായിരുന്നു, സര്‍ക്കാര്‍ അത് ഭയക്കുന്നു: കെ കെ രമ
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം സംബന്ധിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കാത്തതിനെതിരെ ആഞ്ഞടിച്ച് കെ കെ രമ എംഎല്‍എ. ഉന്നതതല ഗൂഢാലോചന പുറത്തുവരുന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ നീക്കം നടത്തുന്നതെന്ന് കെ കെ രമ വിമര്‍ശിച്ചു. പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്നാവശ്യപ്പെട്ട് കെകെ രമ ഗവര്‍ണര്‍ക്ക് കത്ത് നല്‍കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിലെ പ്രതിപക്ഷത്തിന്റെ ആവശ്യം.എന്നാല്‍ സര്‍ക്കാര്‍ അങ്ങനെ ഒരു നീക്കമേ നടത്തുന്നില്ലാന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഈ കേസിലെ പ്രതികള്‍ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും ജയിലിനുള്ളില്‍ ഇത്രയും സുഖസൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് കെ കെ രമ ചോദിച്ചു. ഈ പ്രതികള്‍ക്ക് മേല്‍ മണ്ണുവീണാല്‍ സിപിഐഎം നേതാക്കള്‍ക്ക് എങ്ങനെയാണ് നോവുന്നത്? എതെല്ലാം പ്രതികളെ സിപിഐഎം നേതാക്കള്‍ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ തെളിവാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാന്‍ ഒട്ടേറെ ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ് അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണിക്കാത്തതെന്നും കെ കെ രമ മാധ്യമങ്ങളോട് പറഞ്ഞു.
ജയിലില്‍ പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് നല്‍കുന്നതായും പ്രതികള്‍ അഴിഞ്ഞാടുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. ഭയം കൊണ്ടാണ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതികള്‍ സിപിഐഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ടിപി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച രഹസ്യം വെളിപ്പെടുത്തുമെന്നാണ് പ്രതികളുടെ ബ്ലാക്ക് മെയിലെന്ന് അദ്ദേഹം പറഞ്ഞു.