ജലക്ഷാമം പരിഹരിക്കാന്‍ ഡല്‍ഹി മന്ത്രി അതിഷി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു; നടപടി ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്
ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്ന് രാവിലെയാണ് അതിഷിയുടെ ആരോഗ്യനില മോശമായത്. എല്‍എന്‍ജെപി ആശുപത്രിയിലെ തീവ്ര പരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അതിഷിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം.നിരാഹാര സമരം ഉപേക്ഷിച്ചെങ്കിലും വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുമെന്ന് സഞ്ജയ്‌സിംഗ് എംപി പറഞ്ഞു.
പ്രതിദിനം 100 ദശലക്ഷം ഗ്യാലന്‍ ജലം ഡല്‍ഹിക്ക് അര്‍ഹതപ്പെട്ടതാണെന്നും അത്രയും ജലം അടിയന്തര പ്രാധാന്യത്തില്‍ വിട്ട് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹരം ആരംഭിച്ചിരുന്നത്. മന്ത്രി എന്ന നിലയില്‍ ഹരിയാന സര്‍ക്കാരുമായി എല്ലാ ചര്‍ച്ചകളും നടത്തിയെന്നും എന്നാല്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചിരുന്നു.