Kerala

സ്വര്‍ണവും പണവും തട്ടിയെടുത്ത ശേഷം സ്റ്റേഷനില്‍ വന്ന് വ്യാജപരാതി, ഇന്‍കംടാക്‌സ് ഓഫിസറെന്ന ഐഡി കാര്‍ഡുമായെത്തി വിലസല്‍; ശ്രുതിയുടെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്

Spread the love

കാസര്‍ഗോഡ് കേന്ദ്രീകരിച്ച് നടന്ന ഹണി ട്രാപ്പ് കേസില്‍ പ്രതിയായ യുവതി ഇന്‍കംടാക്‌സ് ഓഫിസര്‍ ചമഞ്ഞ് പൊലീസ് സ്റ്റേഷനില്‍ എത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2021 ല്‍ ശ്രുതി ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ ഇന്‍കം ടാക്‌സ് സബ് ഇന്‍സ്‌പെക്ടറുടെ വ്യാജ ഐ ഡി കാര്‍ഡ് ലഭിച്ചു.

ശ്രുതി ചന്ദ്രശേഖരന്‍ മേല്‍പ്പറമ്പ് എസ് ഐ അരുണ്‍ മോഹനെതിരെ നടത്തിയ വ്യാജ ആരോപണങ്ങള്‍ അന്വേഷിച്ചതോടെയാണ് യുവതി മുന്‍പ് നടത്തിയ സമാന തട്ടിപ്പുകളും പുറത്ത് വന്നത്. 2021 ജൂണില്‍ കാസറഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിയ ശ്രുതി ഇന്‍കംടാക്‌സ് സബ് ഇന്‍സ്‌പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. അതിന് വ്യാജമായി തയ്യാറാക്കിയ ഇന്‍കം ടാക്‌സ് ഓഫിസറുടെ തിരിച്ചറിയല്‍ രേഖയും പൊലീസുകാരെ കാണിച്ചു.

അയല്‍വാസിയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി വ്യാജമെന്ന് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കണ്ടെത്തി. മാത്രമല്ല ശ്രുതി ചന്ദ്രശേഖരന്‍ പ്രതിയെന്ന് ആരോപിച്ച വ്യക്തിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും വ്യക്തമായി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരനെയും യുവതി സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇതിനായി ശ്രുതി കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം ലഭിച്ചു.

ശ്രുതി നല്‍കിയ വ്യാജ പരാതിയില്‍ കേസ് അന്വേഷിച്ച പൊലീസുകാരന്‍ നടപടി നേരിട്ടു. ഇദ്ദേഹത്തിന്റെ ശമ്പള വര്‍ധന തടഞ്ഞുകൊണ്ടുള്ള കേസ് ഇപ്പോഴും നടക്കുന്നുണ്ട്. യുവതിയ്ക്ക് പിന്തുണയുമായി സേനയ്ക്കുള്ളില്‍ തന്നെ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നെന്നും ശ്രുതിയെ പിടികൂടിയാല്‍ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.