World

അമേരിക്കയിലെ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്: ഇന്ത്യാക്കാരനായ 32 കാരന് ദാരുണാന്ത്യം

Spread the love

അമേരിക്കയിലെ ടെക്സസിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ഇന്ത്യാക്കാരൻ കൊല്ലപ്പെട്ടു.ആന്ധ്രപ്രദേശിൽ നിന്ന് അമേരിക്കയിലെത്തിയ 32കാരനായ ദസരി ഗോപികൃഷ്ണയാണ് കൊല്ലപ്പെട്ടത്. എട്ട് മാസം മുൻപ് മെച്ചപ്പെട്ട ജീവിതം സാധ്യമാകുമെന്ന പ്രതീക്ഷയിൽ അമേരിക്കിയിലെത്തിയതാണ് ദസരി ഗോപികൃഷ്ണൻ. ടെക്സസിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്നു.

ടെക്സസിലെ ഫൊർഡെസിലെ മാഡ് ബുച്ചർ സ്റ്റോറിലാണ് സംഭവം നടന്നത്. 3200 ഓളം പേർ താമസിക്കുന്ന നഗരമാണ് ഇത്. ദസരി ഗോപികൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിക്കും അക്രമത്തിനിടെ പരിക്കേറ്റതായാണ് വിവരം. ഇന്നലെ രാവിലെ 11.30 യോടെയാണ് സംഭവം നടന്നത്. സ്റ്റോറിലെ ചെക്ക് ഔട്ട് കൗണ്ടറിൽ ദസരി ഗോപികൃഷ്ണനാണ് ജോലിയിൽ ഉണ്ടായിരുന്നത്.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ അക്രമി ഗോപികൃഷ്ണനെ വെടിവെക്കുന്നതും,ഗോപികൃഷ്ണൻ കുഴഞ്ഞുവീഴുന്നതും വ്യക്തമാണെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് സ്റ്റോറിൻ്റെ കൗണ്ടറിലേക്ക് ചെന്ന അക്രമി അലമാരയിൽ നിന്ന് എന്തോ ഉയർത്തി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം.

ഗോപികൃഷ്ണനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണത്തിൽ അനുശോചിച്ച ടെക്സസിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും വ്യക്തമാക്കി. മോഷണ ശ്രമത്തിനിടെ നടന്ന കൊലാതകമെന്നാണ് സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റിൻ്റെ വിശദീകരണം.