World

ഗാസയിൽ അതിരൂക്ഷ ആക്രമണം ഉടൻ അവസാനിപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു; പക്ഷെ ഹമാസിനെതിരെ യുദ്ധം തുടരും

Spread the love

ഹമാസിനെതിരെ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അതിരൂക്ഷ ആക്രമണം അവസാനത്തോട് അടുക്കകയാണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ പലസ്തീന് മുകളിൽ ഹമാസിനുള്ള നിയന്ത്രണം അവസാനിക്കുന്നത് വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ തീവ്ര പോരാട്ടം അവസാനിച്ചാൽ ഇസ്രയേൽ സൈന്യത്തെ കൂടുതലായി ലെബനൻ അതിർത്തിയിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ പിന്തുണയോടെ ഹിസ്‌ബുള്ള നടത്തുന്ന ആക്രമണങ്ങളെ തടയുകയാണ് ഇസ്രയേലിൻ്റെ ലക്ഷ്യം. പ്രദേശത്ത് സുരക്ഷയുറപ്പാക്കി, പലായനം ചെയ്തവരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രപരമായി ഇക്കാര്യം ചെയ്യാനാവുമെങ്കിൽ അങ്ങനെ ചെയ്യും. അല്ലെങ്കിൽ മറ്റ് വഴി തേടും. എങ്ങിനെയായാലും ഇവിടെ നിന്ന് ഓടിപ്പോയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലെബനോൻ അതിർത്തിയിലെ ഇസ്രയേലി നഗരങ്ങൾ ശക്തമായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കുടിയൊഴിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. എപ്പോഴാണ് ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന അതിശക്തമായ ആക്രമണം അവസാനിപ്പിക്കുകയെന്ന ചോദ്യത്തോടായിരുന്നു വളരെ അടുത്ത് എന്ന് നെതന്യാഹു മറുപടി നൽകിയത്. വെസ്റ്റ് ബാങ്ക് നിയന്ത്രിക്കുന്ന പലസ്തീനിയൻ ഭരണകൂടം ഗാസയിൽ ഹമാസിന് പകരം നിയന്തണം ഏറ്റെടുക്കുന്നതിലുള്ള വിമുഖതയും അദ്ദേഹം പ്രകടിപ്പിച്ചു.