Kerala

തൊടുപുഴ ടൂറിസ്റ്റ് ബസ് അപകടം: 20 യാത്രക്കാർ, മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

Spread the love

തൊടുപുഴ : തൊടുപുഴയിൽ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് യാത്രികർ. 20 യാത്രക്കാർ ആണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലും. ഞെട്ടിയുണരുമ്പോൾ റോഡിൽ നിന്നും ഒരു വശത്തേയ്ക്ക് മറിഞ്ഞ് കിടക്കുന്ന വാഹനം. തൊട്ടുമുന്നിലെ കൽക്കെട്ടിന് താഴെയായി 50 അടിയിലേറെ താഴ്ചയിലുള്ള ഗർത്തവും. ഇന്ന് ഉച്ചയ്ക്ക് പാലാ – തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപത്തെ വളവിലായി മറിഞ്ഞ അന്തർ സംസ്ഥാന സർവീസ് ബസിന്റെ അവസ്ഥയാണിത്. ബാംഗ്ലൂര്‍-തിരുവല്ല റോഡില്‍ സര്‍വീസ് നടത്തുന്ന സൂരജ് ട്രാവല്‍സിന്റെ ബസ് കുറിഞ്ഞിയിലെ കുഴുവേലി വളവെന്ന കൊടുംവളവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മറിഞ്ഞത്.

കനത്ത മഴയിൽ റോഡിലെ വളവിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വളവില്‍ മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്. അപകടത്തിൽ റോഡരികിലെ വൈദ്യുതി തൂണ് ഒടിഞ്ഞ് പ്രദേശത്തെ വൈദ്യുതി മുടങ്ങി. വൈദ്യുതി കമ്പികള്‍ താഴ്ന്ന് ബസില്‍ മുട്ടുന്ന രീതിയിലായിരുന്നു. വൈദ്യുതി മുടങ്ങിയതും അപകടം ഒഴിവാക്കി. ബസിന്റെ മുകളില്‍ കയറി നിന്ന് ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. പെട്ടന്ന് തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പലതവണ അപകടമുണ്ടായ സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ 100 മീറ്റർ അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് കത്തിയിരുന്നു. കുറിഞ്ഞിക്കവലയിലെ ഓട്ടോ തൊഴിലാളികളും മറ്റ് നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. വിവരമറിഞ്ഞ് രാമപുരം, കരിങ്കുന്നം പൊലീസും തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. തൊടുപുഴയില്‍നിന്ന് 10ലേറെ ആംബുലന്‍സുകളാണെത്തിയത്. ബസിന്റെ ആറു ടയറുകളില്‍ രണ്ടെണ്ണം തേഞ്ഞുതീര്‍ന്ന് നൂല്‍ പൊങ്ങിയിരുന്നു. പിന്നിലെ വലതുവശത്തെ ടയറുകളിലൊന്നും മുന്‍വശത്തെ ഇടത് ടയറിലുമാണ് നൂല് പൊങ്ങിയിരിക്കുന്നത്.

ബസിന്‍റെ ടയറുകളുടെ അവസ്ഥ പരിതാപകരമാണെന്ന് അഗ്നിരക്ഷാ അധികൃതര്‍ പറഞ്ഞു. മഴയും വളവും ടയറിന്റെ പ്രശ്‍നവും റോഡിലെ പരിചയക്കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നിഗമനം. റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ഒരു വശത്തുകൂടി പുനക്രമീകരിച്ചു. മൂന്നോടെ രണ്ട് ക്രെയ്‍ൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തി. പിന്നീട് ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു. മാണി സി കാപ്പൻ എംഎല്‍എയും തൊടുപുഴ തഹസില്‍ദാര്‍ എ.എസ് ബിജിമോളും സ്ഥലത്തെത്തിയിരുന്നു. ഇതേ വളവില്‍ വര്‍ഷങ്ങള്‍ മുമ്പ് മറ്റൊരു സ്വകാര്യ അന്തര്‍സംസ്ഥാന ബസ് താഴ്ചയിലേക്ക് മറിഞ്ഞിട്ടുണ്ട്.
ഡ്രൈവർ നിലമ്പൂർ പുത്തന്‍വീട്ടില്‍ സുനിൽ (32), കോ -ഡ്രൈവർ വയനാട് കരുണക്കുറിശി സുബൈർ (43), കോട്ടയം അമയന്നൂർ സ്വദേശികളായ ആദർശ് അനിൽ (18), അമ്മ രാജി അനിൽ (50), പി കെ രജിമോൾ (53), വി സി അമൽ (18), അച്ഛൻ പി കെ ചന്ദ്രശേഖരൻ (60), മിനി (47), മകൾ അർച്ചന (17), കോട്ടയം വടവാതൂർ സ്വദേശികളായ ജെമിലി കെ തോമസ് (30), ജിജോ നൈനാൻ ഉതുപ്പ് (30), കോട്ടയം സ്വദേശി അഭിലാഷ് (41), കല്ലറ സ്വദേശി ആനന്ദ് (32), പത്തനംതിട്ട സ്വദേശി അതുൽ (24), പന്തളം സ്വദേശി അലൻ (22), തിരുവല്ല സ്വദേശി ശാലു (32) എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഡ്രൈവര്‍ സുനിലിന്റെ കഴുത്തിന് പരിക്കുണ്ട്. മിനിയുടെ മുഖത്തിനും സാരമായ പരിക്കുണ്ട്.