നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്; മുഖ്യസൂത്രധാരൻ യുപിയിൽ അറസ്റ്റിൽ
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ മുഖ്യസൂത്രധാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ആണ് മുഖ്യസൂത്രധാരനായ രവി അത്രിയെ പിടികൂടിയത്. കേസിൽ ബിഹാർ പൊലീസ് അന്വേഷണ റിപ്പോർട്ട് കൈമാറി. പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ടിൽ കേസിൽ അറസ്റ്റിലായ 13 പേരുടെ മൊഴികളും വിശദാംശങ്ങളും ഉണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പണമിടപാടിന്റെ വിശദാംശങ്ങളും കൈമാറി. കത്തിയ ചോദ്യപേപ്പറുകൾ, പാസ്ബുക്കുകൾ എന്നിവയുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. അതേസമയം എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതിയെ രൂപീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എൻടിഎയുടെ പ്രവർത്തനം, പരീക്ഷാ നടത്തിപ്പിലെ പരിഷ്‌കരണം എന്നിവയിൽ ശിപാർശ നൽകും.
രണ്ടുമാസത്തെ സമയമാണ് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് അനുവദിച്ചിരിക്കുന്നത്. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. എയിംസ് മുൻ ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊ. ബി.ജെ. റാവു, ഐ.ഐ.ടി. മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂർത്തി, പീപ്പിൾ സ്‌ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഡൽഹി ഐ.ഐ.ടി. ഡീൻ ആദിത്യ മിത്തൽ എന്നിവർ അംഗങ്ങളാണ്. കേന്ദ്ര വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ സമിതിയുടെ മെമ്പർ സെക്രട്ടറിയാണ്.