പണവും പ്രതാപവുമുള്ള കുടുംബം, വേലക്കാർക്ക് എല്ലുമുറിയെ പണി, പിച്ചക്കാശ് ശമ്പളം; ഹിന്ദുജ കുടുംബാംഗങ്ങൾക്ക് നാലര വർഷം വരെ തടവ്
അതിസമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാല് പേരെ നാല് വർഷം മുതൽ നാലര വർഷം വരെ തടവിന് ശിക്ഷിച്ചു. വീട്ടുവേലക്കാരോട് മോശമായി പെരുമാറിയെന്നതാണ് കുറ്റം. സ്വിറ്റ്സർലൻഡിലെ ക്രിമിനൽ കോടതിയുടേതാണ് വിധി. എന്നാൽ പ്രതികൾക്കെതിരായ മനുഷ്യക്കടത്ത് ആരോപണം കോടതി തള്ളി.
ഇന്ത്യയിൽ നിന്ന് നിരക്ഷരരായ വീട്ടുവേലക്കാരെ സ്വിറ്റ്സർലൻഡിൽ എത്തിച്ച് വീട്ടിൽ ജോലി ചെയ്യിപ്പിച്ചെന്നായിരുന്നു കുറ്റം. ജനീവയിലെ തടാകക്കരയിലെ ആഡംബര വീട്ടിൽ വച്ചായിരുന്നു സംഭവം. ഇന്ത്യൻ ബിസിനസ് ഭീമനായ പ്രകാശ് ഹിന്ദുജ, ഭാര്യ, മകൻ, മരുമകൾ എന്നിവരാണ് പ്രതികൾ. ഇവർ നാല് പേരും കോടതിയിൽ ഹാജരായിരുന്നില്ല. പകരം ഹാജരായ ഇവരുടെ മാനേജർ നജീബ് സിയാസിയെ 18 മാസം തടവിന് ശിക്ഷിച്ചു. എന്നാൽ ചെറിയ ശിക്ഷയായതിനാൽ ഇദ്ദേഹം തടവിൽ കഴിയേണ്ട.
വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് ഹിന്ദുജ കുടുംബത്തിൻ്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. തൊഴിൽ ചൂഷണം, നിയമവിരുദ്ധമായ തൊഴിൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കോടതി ശിക്ഷ വിധിക്കാൻ കാരണം. മനുഷ്യക്കടത്ത് ആരോപണം നിഷേധിച്ച കോടതി ഇന്ത്യയിൽ നിന്ന് വന്നവർക്ക് തങ്ങൾ എന്തിനാണ് വരുന്നതെന്ന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി,
ജീവനക്കാർക്ക് ഹിന്ദുജ കുടുംബം സ്വിറ്റ്സർലൻ്റിലെ കറൻസിയിലായിരുന്നില്ല ശമ്പളം നൽകിയത്. ഇവരുടെ പാസ്പോർട്ടുകൾ കുടുംബം കൈയ്യിൽ വച്ചു. വീടിന് പുറത്തേക്ക് പോകാൻ ജീവനക്കാർക്ക് അനുവാദമില്ലായിരുന്നു. സ്വിറ്റ്സർലൻ്റിലെ മിനിമം വേതനം പോലും നൽകാതെ അനുവദനീയമായതിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചു. പരാതിയിൽ ജനീവയിലെ അന്വേഷണ ഏജൻസി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനം, തൊഴിൽ ചൂഷണം, മനുഷ്യക്കടത്ത്, തൊഴിൽ നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ഹിന്ദുജ കുടുംബാംഗങ്ങൾക്കെതിരെ അന്വേഷണ സംഘം ചുമത്തിയിരുന്നത്.
പതിറ്റാണ്ടുകളായി ഹിന്ദുജ കുടുംബം സ്വിറ്റ്സർലൻഡിലാണ് കഴിയുന്നത്. 2007 ൽ സമാനമായ കേസിൽ പ്രതിയാക്കപ്പെട്ട പ്രകാശ് ഹിന്ദുജയ്ക്ക് അന്ന് കുറഞ്ഞ ശിക്ഷയായിരുന്നു ലഭിച്ചത്. എന്നിട്ടും കൃത്യമായ രേഖകളില്ലാതെ ആളുകളെ ജോലിക്ക് വെച്ച് ചൂഷണം ചെയ്തെന്നാണ് കുറ്റം തെളിഞ്ഞത്. വീട്ടിൽ റെയ്ഡ് നടത്തിയ സ്വിറ്റ്സർലൻഡിലെ അന്വേഷണ സംഘം ഡയമണ്ട്, അമൂല്യ രത്നങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. കോടതി നടപടികളുടെ ഫീസും പിഴയും ഈടാക്കുന്നതിനായിരുന്നു ഇത്.
പരാതി സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിൽ ജീവനക്കാരെ 18 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തുന്നു. സ്വിറ്റ്സർലൻഡിൽ നൽകേണ്ട വേതനത്തിൻ്റെ പത്തിൽ ഒന്ന് വേതനം മാത്രമാണ് ജീവനക്കാർക്ക് നൽകിയതെന്നും ഇവർക്ക് അവധിയില്ലാതെ ജോലി ചെയ്യേണ്ടി വന്നെന്നും റിപ്പോർട്ടിലുണ്ട്. വീട്ടിൽ വിരുന്നുകാർ ഉള്ളപ്പോൾ രാത്രി വൈകുന്നത് വരെ ജോലി ചെയ്യേണ്ടി വന്നു, ബേസ്മെൻ്റിൽ കിടന്നുറങ്ങാൻ നിർബന്ധിതരായി തുടങ്ങിയ ആരോപണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. കമൽ ഹിന്ദുജ ജീവനക്കാർക്ക് പേടിസ്വപ്നമായിരുന്നുവെന്ന ഗുരുതര കണ്ടെത്തലും റിപ്പോർട്ടിലുണ്ടായിരുന്നു.
ഹിന്ദി മാത്രം സംസാരിക്കാൻ അറിയുന്ന ചില ജീവനക്കാർക്ക് ഇന്ത്യൻ രൂപയിൽ ശമ്പളം ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇവർക്ക് സ്വിറ്റ്സർലൻഡിൽ പണം ഉപയോഗിക്കാനും കഴിഞ്ഞില്ല. ഈ ആരോപണങ്ങളിലാണ് ഹിന്ദുജ കുടുംബങ്ങൾക്കെതിരെ കോടതി ശിക്ഷ വിധിച്ചത്. രാജ്യത്ത് 2000 ത്തിൽ പൗരത്വം നേടിയ പ്രകാശ് ഹിന്ദുജക്കെതിരെ ഇപ്പോൾ നികുതി വെട്ടിപ്പ് കേസിലും അന്വേഷണം നടക്കുന്നുണ്ട്. പ്രകാശും മൂന്ന് സഹോദരങ്ങളും ഉടമസ്ഥരായ ഹിന്ദുജ ബിസിനസ് കുടുംബത്തിന് ഐടി, മീഡിയ, ഊർജ്ജം, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലയിൽ ബിസിനസുണ്ട്. 20 ബില്യൺ ഡോളർ മൂല്യമാണ് ഹിന്ദുജ കുടുംബത്തിനുള്ളതെന്നാണ് ഫോർബ്സിൻ്റെ ഏറ്റവും ഒടുവിലത്തെ വിവരം.