Kerala

‘മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി’; പത്തനംതിട്ടയിലും വിമർശനം

Spread the love

സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് പുറമേ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം .മുഖ്യമന്ത്രിയുടെ പെരുമാറ്റം ജന വിരോധത്തിന് കാരണമാക്കിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിമർശിച്ചു. ഭരണവിരുദ്ധ വികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ട്.

അടിമുടി മാറണമെന്ന സംസ്ഥാന കമ്മിറ്റി വിമർശനത്തിന് പിന്നാലെ പതിവിന് വിരുദ്ധമായി മറയില്ലാതെ തുറന്നടിക്കുകയാണ് സിപിഐഎമ്മിലെ കീഴ് ഘടകങ്ങളും .മുഖ്യമന്ത്രിയുടെ പെരുമാറ്റം തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായിയെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ കുറ്റപ്പെടുത്തലുണ്ട്. മാസപ്പടി വിവാദം ചൂണ്ടിക്കാട്ടി നേതാക്കളുടെ മക്കൾകച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കി എന്നും അംഗങ്ങൾ വിമർശിച്ചു .

പെൻഷൻ കുടിശ്ശിക വലിയൊരു വിഭാഗത്തെ എതിരാക്കി മാറ്റി .നവ കേരള സദസ്സിൽ നടന്ന പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറി ഇങ്ങനെ പോകുന്നു വിമർശനങ്ങൾ .വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ പൂർണ പരാജയമാണെന്നും ജനങ്ങളോട് ഇടപെടുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തുറന്നടിച്ചു. ഡോക്ടർ ടി എം തോമസ് ഐസക്, മന്ത്രി വി എൻ വാസവൻ എന്നിവരാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനായി മേൽഘടകത്തിൽ നിന്ന് എത്തിയിരുന്നത്. അടുത്തദിവസം ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് എത്തിയേക്കും .