ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം; പ്രധാനമന്ത്രി ജമ്മു കശ്മീരിലെത്തി ഉദ്ഘാടനം നിർവഹിക്കും; രാജ്യമെമ്പാടും വിപുലമായ പരിപാടികൾ
ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം. അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും യോഗ’ എന്നതാണ് ഇത്തവണത്തെ യോഗാദിനത്തിന്റെ പ്രമേയം. പത്താമത് അന്താരാഷ്‌ട്ര യോഗ ദിനം ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. രാവിലെ ഷേര്‍ ഇ കശ്മീര്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് യോഗ ദിനാചരണം. മൂന്നാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്.
അവിടെ നടക്കുന്ന യോഗ പ്രദർശനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഭാഗമാകും. ദൈനംദിന ജീവിതത്തിൽ യോഗ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. നിലവിലുള്ള ഭീകരാക്രമണ വെല്ലുവിളികൾ പരിഗണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ജമ്മുകശ്മീരിൽ എമ്പാടും സുരക്ഷാസേന ഏർപ്പെടുത്തിയിരിക്കുന്നത്.
മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനുംവേണ്ടി ഇന്ത്യയിൽ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്.
2014 ൽ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊൻമ്പതാം പൊതുസഭാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്. യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളിൽ നിന്ന് മാറിനടക്കാനുള്ള ഒരു മാർഗമായി പ്രചരിപ്പിക്കാനുമാണ് യോഗാ ദിനം ആചരിക്കുന്നത്. ഉത്തരാർധഗോളത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ ദിവസമാണ് യോഗ ദിനമായി ആചരിക്കാൻ തെരഞ്ഞെടുത്തത്. 23 കോടി പേരാണ് കഴിഞ്ഞവർഷം യോഗദിന ആഘോഷങ്ങളിൽ പങ്കെടുത്തത്. ശാരീരിക വ്യായാമങ്ങളെക്കാളുപരി, ആത്മീയ വികാസത്തിനുകൂടി സഹായിക്കുന്ന പദ്ധതിയായാണ് യോഗ വിഭാവനം ചെയ്യപ്പെട്ടത്.