Kerala

വിജയത്തില്‍ അത്യാഹ്ലാദം വേണ്ട, നേതാക്കള്‍ ആലസ്യത്തിലേക്ക് പോകരുത്; കെപിസിസി യോഗത്തില്‍ നിര്‍ദേശം

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ അത്യാഹ്ലാദം വേണ്ടെന്ന് കെപിസിസി യോഗത്തില്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യത്തിലേക്ക് നേതാക്കള്‍ പോകരുതെന്നാണ് കെപിസിസി യോഗത്തിലുയര്‍ന്ന നിര്‍ദേശം. തദ്ദേശ തെരഞ്ഞെടുപ്പിനായി സജ്ജമാകാന്‍ പ്രത്യേക മിഷന്‍ തയാറാക്കും. മൂന്ന് ജില്ലകള്‍ വീതമുള്ള ക്ലസ്റ്ററുകളായി തിരിച്ചുകൊണ്ടാകും കോണ്‍ഗ്രസ് പ്രവര്‍ത്തനം. മുതിര്‍ന്ന നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കും. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ സ്വന്തം ബൂത്തുകളില്‍ പ്രവര്‍ത്തിക്കണമെന്നും കെപിസിസി യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടില്‍ അടുത്ത മാസം 15,16 തീയതികളില്‍ നേതാക്കളുടെ ക്യാമ്പ് നടത്തും. ഈ ക്യാമ്പില്‍ വെച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട രണ്ട് മണ്ഡലങ്ങളിലേയും പരാജയ കാരണങ്ങള്‍ വിശദമായി പാര്‍ട്ടി വിലയിരുത്തും. തൃശൂരിലെ തോല്‍വി അന്വേഷിക്കുന്ന കെ സി ജോസഫ് കമ്മിഷന്‍ ആലത്തൂരിലെ തോല്‍വിയും അന്വേഷിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ഉപതെരഞ്ഞെടുപ്പുകള്‍ക്കായുള്ള തയാറെടുപ്പുകള്‍ തുടങ്ങാനുമാണ് തിരുവനന്തപുരത്ത് കെപിസിസി യോഗം ചേര്‍ന്നത്.