Kerala

‘ശൈലി മാറ്റിയെ തീരു’; തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Spread the love

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിലുള്ള തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ നിന്നും രൂക്ഷ വിമര്‍ശനമാണുണ്ടായത്. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു.

കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള ബന്ധം ഒഴിവാക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പിൽ ആയുധമായെന്നും വിമർശനം ഉയർന്നു.ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലൈകോയിൽ അവശ്യസാധനങ്ങൾ ഇല്ലാതായതും അടക്കമുള്ള ഭരണ വീഴ്ചകൾ സാധാരണ ജനങ്ങളെ എതിരാക്കി എന്നാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനം. മുഖ്യമന്ത്രിക്കെതിരെ കീഴ് ഘടകങ്ങളിൽ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന നിർദ്ദേശവും സംസ്ഥാന സമിതിയിൽ ഉണ്ടായി.

സർക്കാർ പദ്ധതികളിൽ മുൻഗണന നിശ്ചയിക്കണമെന്നും അംഗങ്ങൾ അവശ്യപ്പെട്ടു. അഞ്ചുദിവസം നീണ്ടുനിന്ന സിപിഎം നേതൃയോഗം ഇന്ന് അവസാനിക്കും. ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയും മറുപടി പറയും. കെ രാധാകൃഷ്ണൻ രാജിവെച്ച സാഹചര്യത്തിൽ പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിൽ അടക്കം വിശദമായ ചർച്ച പിന്നീട് നടക്കും.