കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 12,50,000 രൂപ ധനസഹായം നല്‍കും
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (12,50,000 രൂപ) സഹായം നല്‍കുമെന്ന് കുവൈത്ത് ഭരണകൂടത്തിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
കുവൈത്ത് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ അല്‍ ഖബാസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രഖ്യാപനം. കുവൈത്തില്‍ ജോലിയ്‌ക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുമെന്നും കുവൈത്ത് ഭരണകൂടം അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എന്‍ബിടിസി കമ്പനി മാനേജ്മെന്റ് ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്‍ഷുറന്‍സ് തുകയും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി ഉള്‍പ്പെടെ നല്‍കുമെന്നും കമ്പനി പ്രഖ്യാപിച്ചു.