Kerala

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ മരണം; പ്രതിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

Spread the love

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യയിൽ, അറസ്റ്റിലായ നെടുമങ്ങാട്‌ സ്വദേശി ബിനോയിയുടെ മൊബൈലിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. പുതിയ തെളിവുകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തും. യുവാവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

പെൺകുട്ടിയുടെ കൂടുതൽ സുഹൃത്തുക്കളുടെ മൊഴി പൂജപ്പുര പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സൈബർ ആക്രമണം അല്ല മരണകാരണമെന്ന് കുടുംബം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ, പെൺകുട്ടിയുടെ പിതാവിന്റെ മൊഴിയും രേഖപ്പെടുത്തും. സൈബർ ആക്രമണം മരണകാരണമായേക്കാം എന്ന സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ അടക്കം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. പ്രതി ബിനോയിയെ ഇന്നും ചോദ്യം ചെയ്യും.പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ തുടക്കം മുതൽ ആരോപണം നീണ്ടത് നെടുമങ്ങാട് സ്വദേശി ബിനോയിയുടെ നേർക്കായിരുന്നു. ഇതിനെ തുടർന്നാണ് പൂജപ്പുര പൊലീസ് ബിനോയിയെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. ആത്മഹത്യക്ക് കാരണം സൈബർ ആക്രമണമല്ല, ബിനോയിയുടെ പീഡനമാണെന്ന് കുടുംബം പരാതി കൂടി നൽകിയതോടെ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

21കാരനായ ബിനോയിയും ഇൻസ്റ്റഗ്രാം താരമാണ്. ആത്മഹത്യ പ്രേരണ, പോക്‌സോ അടക്കമുള്ള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയുമായി ഏറെ കാലം അടുപ്പം ഉണ്ടായിരുന്നു ബിനോയിയ്ക്ക്. ബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.