National

തമിഴ്നാട്ടിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു; പ്രകോപന കാരണം ഇതരജാതിയിൽപ്പെട്ടവരെ വിവാഹം കഴിപ്പിച്ചത്

Spread the love

തമിഴ്നാട് തിരുനെൽവേലിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. ഇതരജാതിയിൽപ്പെട്ടവരെ വിവാഹം കഴിപ്പിച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്. ഓഫിസിന്റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തു.

പാളയംഗോട്ടൈയിലെ അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട മദനനും പെരുമാൾപുരത്തെ പിള്ള സമുദായത്തിൽ നിന്നുള്ള ദാക്ഷായിണിയും തമ്മിലാണ് വിവാഹിതരായത്. ഇവർ ആറ് വർഷമായി പ്രണയത്തിലായിരുന്നു. മിശ്രവിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വിയോജിപ്പുണ്ടായതോടെ സിപിഐഎം നേതാക്കൾ ഇടപെട്ടാണ് വിവാഹം നടത്തിയത്.

വിവാഹത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരെത്തി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.