Kerala

‘ആരും നിയമം കയ്യിലെടുക്കേണ്ടതില്ല’; ജീവനക്കാർ മോശമായി പെരുമാറിയാൽ അറിയിക്കൂ, നടപടി ഉറപ്പെന്ന് കെഎസ്ആർടിസി

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കുവാനുള്ള വാട്സ് ആപ്പ് നമ്പര്‍ ഓര്‍മ്മിപ്പിച്ച് കെഎസ്ആർടിസി. ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്‍റെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടാകുമ്പോഴും 9188619380 എന്ന വാട്സ് ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല.

അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെന്‍റിന് അധികാരവും ശരിയായ മാർഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച് പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്‌നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ കഴിയും.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്. 9188619380 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ഉറപ്പ് നൽകി.