Sports

ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഇനി രണ്ട് നാൾ മാത്രം; കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

Spread the love

റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി. കണ്ണൂരിൽ നിന്നായിരുന്നു അവസാനത്തെ ഹജ്ജ് വിമാനം. കൊച്ചിയിൽനിന്നും കോഴിക്കോടുനിന്നുമുള്ള മുഴുവൻ ഹാജിമാരും കഴിഞ്ഞ ദിവസം മക്കയിൽ എത്തിയിരുന്നു.

കണ്ണൂരിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ട വിമാനത്തിലെ തീർഥാടകർ രാവിലെ 6.30ഓടെ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തി. ഈ വിമാനത്തിൽ 322 തീർഥാടകരാണ് യാത്ര ചെയ്തത്. രാവിലെ 11 ഓടെ ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ മക്കയിലെ താമസകേന്ദ്രത്തിൽ എത്തിച്ചു. മക്കയിലെ സന്നദ്ധപ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ എംബാർക്കേഷൻ പോയിൻറുകളിൽ നിന്നായി 18,201 ഹാജിമാരാണ് മക്കയിലെത്തിയത്. ഇതിൽ തമിഴ്നാട്ടിൽ നിന്നുള്ള 106 തീർഥാടകരും ലക്ഷദ്വീപിൽ നിന്നുള്ള 93 തീർഥാടകരും ഉൾപ്പെടും.

അവസാനം എത്തിയ ഹാജിമാർക്ക് 185, 650, 345 എന്നീ ബിൽഡിങ്ങുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്. താമസ കേന്ദ്രത്തിലെത്തി അൽപം വിശ്രമിച്ച ശേഷം ഹാജിമാർ ഉംറക്കായി ഹറമിലേക്ക് പുറപ്പെട്ടു. ഇതിനായി പ്രത്യേകം ബസ് ഹജ്ജ് മിഷൻ ഒരുക്കിയിരുന്നു. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കും തിരിച്ചുമുള്ള ബസ് സർവിസ് കഴിഞ്ഞ ദിവസം പുലർച്ചെ നിർത്തിവെച്ചിരുന്നു. തിരക്ക് ഒഴിവാക്കാൻ സൗദി ട്രാഫിക് വിഭാഗത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ബസ് സർവിസ് നിർത്തിയത്.

ഇനി ഹജ്ജിനുശേഷം ദുൽഹജ്ജ് 15ന് (വെള്ളിയാഴ്ച) വൈകുന്നേരത്തോടെ സർവിസ് പുനരാരംഭിക്കും. വരും ദിനങ്ങളിൽ ഹാജിമാർ അടുത്തുള്ള പള്ളികളിൽ നമസ്കാരവും പ്രാർഥനയുമായി താമസകേന്ദ്രങ്ങളിൽ കഴിഞ്ഞുകൂടും. ഇനി രണ്ട് നാൾ മാത്രമാണ് ഹജ്ജിന് ബാക്കിയുള്ളത്. കേരളത്തിൽ നിന്നുള്ള തീർഥാടകർ ഹജ്ജ് കർമങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.