Kerala

ധിക്കാരത്തോടെ പെരുമാറി, എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ശബ്ദസന്ദേശമയച്ചു; കെ ജെ ഷൈനെതിരെ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനം

Spread the love

എറണാകുളം മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി കെ.ജെ.ഷൈനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം. വോട്ടെണ്ണുന്നതിന് രണ്ടു ദിവസം മുന്‍പ് എതിര്‍ സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് ശബ്ദ സന്ദേശം അയച്ചതായി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി യോഗതില്‍ ആരോപണമുയര്‍ന്നു. കെ.ജെ.ഷൈന്‍ ധിക്കാരപൂര്‍വ്വം പെരുമാറിയെന്നും സ്വന്തമായി പണം പിരിച്ചെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് തന്നെ കെ ജെ ഷൈനെതിരെ വിവിധ തരത്തില്‍ ഉള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വ്യത്യാസത്തിലാണ് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ സിപിഎം പരാജയപ്പെട്ടത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ കൂടിയപ്പോഴാണ് സ്ഥാനാര്‍ഥിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്.

ധിക്കാരപൂര്‍വ്വം ആയിരുന്നു സ്ഥാനാര്‍ഥി എന്ന നിലയില്‍ പെരുമാറിയത്. കൃത്യ സമയങ്ങളില്‍ പ്രചരണത്തിന് എത്തിയില്ല. പ്രചരണ വേളകളില്‍ വിശ്രമത്തിന് ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ ഉന്നയിക്കുന്നു. വോട്ടെണ്ണുന്നതിന് രണ്ടു ദിവസം മുന്‍പ് എതിര്‍ സ്ഥാനാര്‍ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് കെ.ജെ.ഷൈന്‍ ശബ്ദ സന്ദേശം അയച്ചതായും ആരോപണമുണ്ട്. പരാതി ജില്ലാ കമ്മറ്റി ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ചേരുന്ന പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ധാരണയുണ്ട്.