National

‘യഥാർത്ഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ല, മറ്റുള്ളവരെ വേദനിപ്പിക്കാതെയായിരിക്കും പ്രവർത്തനം’: ആർഎസ്എസ് മേധാവി

Spread the love

“തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇരുപക്ഷങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ കാര്യങ്ങളുടെ പേരിൽ സാമൂഹിക വിഭജനം ഉണ്ടാകുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിൽ ആരും ശ്രദ്ധ ചെലുത്തിയില്ല. ഒരു കാരണവുമില്ലാതെ സംഘിനെ ഇതിലേക്ക് വലിച്ചിട്ടു. ടെക്നോളജിയുടെ സഹായത്തോടെ അസത്യങ്ങൾ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ അറിവിനെ ഉപയോഗിക്കേണ്ടത്. ഒരു രാജ്യം ഭരിക്കേണ്ടത് ഇങ്ങനെയാണോ”-ഭാഗവത് പറഞ്ഞു.യഥാർത്ഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ല, മറ്റുള്ളവരെ വേദനിപ്പിക്കാതെയായിരിക്കും പ്രവർത്തനം’: ആർഎസ്എസ് മേധാവി

തെരഞ്ഞെടുപ്പിൽ മര്യാദകൾ പാലിക്കപ്പെട്ടില്ലെന്നും ഒരു യഥാർഥ സേവകൻ ഒരിക്കലും അഹങ്കാരിയാവില്ലെന്നും മറ്റുള്ളവരെ വേദനിപ്പിക്കാതെയായിരിക്കും പ്രവർത്തനമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മോഹൻ ഭാഗവത് പരസ്യമായി പ്രതികരിക്കുന്നത്.

നാഗ്പൂരിൽ ആർഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും വേണ്ടി നടത്തുന്ന പരിശീലനപരിപാടി കാര്യകർത്താ വികാസ് വാർഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിലേറിയ സമയത്താണ് മോഹൻ ഭാഗവത് ഇത്തരമൊരു പരാമർശം നടത്തിയതെന്നതും ശ്രദ്ധാർഹമാണ്.

പ്രതിപക്ഷമെന്നാൽ ഭരണപക്ഷത്തിൻ്റെ വഴികാട്ടിയാണെന്നായിരുന്നു മറ്റൊരു പരാമർശം. “വിരുദ്ധപക്ഷം എന്നല്ല പ്രതിപക്ഷം എന്നുതന്നെയാണ് ഞാൻ പറയുന്നത്. പ്രതിപക്ഷം എന്നാൽ ശത്രുക്കൾ എന്നല്ല അർത്ഥം. അവർ മറ്റൊരു പക്ഷമാണ് കാട്ടിത്തരുന്നത്, അതും നമ്മൾ ചർച്ചചെയ്യണം. ഇങ്ങനെയാണ് നമ്മൾ പ്രവർത്തിക്കേണ്ടതെന്ന് മനസ്സിലാക്കിയാൽ, തെരഞ്ഞെടുപ്പിൽ പാലിക്കേണ്ടുന്ന ചില മര്യാദകളുണ്ടെന്നും നാം മനസ്സിലാക്കണം. ആ മര്യാദ ഈ തെരഞ്ഞെടുപ്പിൽ പാലിക്കപ്പെട്ടിട്ടില്ല. ജനാധിപത്യത്തിൽ തെരഞ്ഞടുപ്പുകൾ അനിവാര്യമാണ്. അതിൽ ഒരാൾ വിജയിക്കും അപരൻ പിന്നിലാവും. അത് അങ്ങനെയാണ്. എന്നാൽ ആ മത്സരത്തിലും മര്യാദകൾ പാലിക്കപ്പെടേണം. അസത്യത്തെ കൂട്ടുപിടിക്കരുത്. തെരഞ്ഞെടുക്കപ്പെടുന്നവർ പാർലമെൻ്റിലെത്തും, സമവായത്തിലൂടെ രാജ്യം ഭരിക്കും. എല്ലവരുടെയും ചിന്തകളും ആശയങ്ങളും തമ്മിൽ ഒരിക്കലും നൂറ് ശതമാനം യോജിക്കില്ല. എന്നാൽ എല്ലാ വ്യത്യാസങ്ങളും മറന്ന് ഒരുമിച്ചു മുന്നോട്ടു പോകാമെന്ന് സമൂഹത്തിന് തോന്നിയാൽ അവിടെ സമവായമുണ്ടാക്കണം. ഒരു നാണയത്തിൻ്റെ ഇരുവശങ്ങളെന്ന പോലെ പാർലമെൻ്റിലും രണ്ട് വശങ്ങളുണ്ട്. ഒരു ആശയം അവതരിപ്പിക്കുമ്പോൾ അതിൻ്റെ മറ്റുവശങ്ങൾ എതിർപക്ഷം ഉന്നയിക്കും. അതും പരിഗണിക്കണം. തെരഞ്ഞെടുപ്പിൻ്റെ തിളക്കങ്ങളിൽ നിന്ന് മുക്തരായി ഭാവിയെക്കുറിച്ച് ചിന്തിക്കണം- മോഹൻ ഭാഗവത് വ്യക്തമാക്കി.

“തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇരുപക്ഷങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ കാര്യങ്ങളുടെ പേരിൽ സാമൂഹിക വിഭജനം ഉണ്ടാകുന്ന സ്ഥിതിവിശേഷമുണ്ടായി. ഇതിൽ ആരും ശ്രദ്ധ ചെലുത്തിയില്ല. ഒരു കാരണവുമില്ലാതെ സംഘിനെ ഇതിലേക്ക് വലിച്ചിട്ടു. ടെക്നോളജിയുടെ സഹായത്തോടെ അസത്യങ്ങൾ പ്രചരിപ്പിച്ചു. ഇങ്ങനെയാണോ അറിവിനെ ഉപയോഗിക്കേണ്ടത്. ഒരു രാജ്യം ഭരിക്കേണ്ടത് ഇങ്ങനെയാണോ”-ഭാഗവത് പറഞ്ഞു.

ഇതേ പ്രസംഗത്തിലായിരുന്നു വിവാദമായ മണിപ്പൂരിനെക്കുറച്ചുള്ള പ്രസ്താവനയും മോഹൻ ഭാഗവത് നടത്തിയത്. എല്ലായിടത്തും സാമുഹികമായി പൊരുത്തക്കേടുകൾ നിലനിൽക്കുകയാണ്. ഇത് നല്ലതല്ല. കഴിഞ്ഞ ഒരു വർഷമായി മണിപ്പൂർ സമാധാനം കാത്തുകഴിയുകയാണ്. കഴിഞ്ഞ പത്തുവർഷം അവിടെ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്കാരം പോയിമറഞ്ഞതായിരുന്നു. പക്ഷെ പെട്ടെന്ന് അത് തിരിച്ചുവന്നതാണോ, അതോ ആരെങ്കിലും പുനസൃഷ്ടിച്ചതാണോ? മണിപ്പൂർ ഇപ്പോഴും കത്തുകയാണ്. ആരാണ് ഇത് ശ്രദ്ധിക്കുന്നത്? മുൻഗണന നൽകി എത്രയും വേഗം പരിഹരിക്കേണ്ട വിഷയമാണിത്- മോഹൻ ഭാഗവത് പറഞ്ഞു.